ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും തോറ്റ് ഇന്ത്യയുടെ ഒന്നാം റാങ്ക് നഷ്ടമായി. 15 റണ്‍സിനാണ് ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റത്. നേപ്പിയറിലെ ആദ്യ മത്സരത്തിലും ജയിച്ച ആതിഥേയര്‍ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് മുന്നിലെത്തി.
ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ഏകപക്ഷീയമായി തോറ്റ് തുന്നം പാടിയാണ് ഇന്ത്യ ന്യൂസിലന്‍ഡിലെത്തിയത്. എന്നാല്‍ കീവിസിനെതിരെയും ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് പച്ച തൊടാനായിട്ടില്ല. നാട്ടിലെ പുലികളായ രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ തുടങ്ങിയ ബാറ്റ്്‌സ്മാന്‍മാരാണ് തോല്‍വിക്ക് പ്രധാന കാരണം.

വൈസ് ക്യാപ്റ്റനായ വിരാട് കോലി മാത്രമാണ് വിശ്വസനീയമായ ഇന്നിംഗ്‌സുകള്‍ കളിക്കുന്നത്. ആദ്യ കളിയില്‍ സെഞ്ചുറിയും രണ്ടാമത്തെ കളിയില്‍ അര്‍ദ്ധ സെഞ്ചുറിയും അടിച്ചിട്ടും ടീം തോല്‍ക്കുന്നത് കാണാനായിരുന്നു കോലിയുടെ വിധി. രണ്ടാമത്തെ ഏകദിനത്തില്‍ ധോണിയും അര്‍ദ്ധ സെഞ്ചുറി അടിച്ചെങ്കിലും ടീം പച്ച പിടിച്ചില്ല.
ഡക്ക് വര്‍ത്ത് ലൂയിസ് നിയമമാണ് ഹാമില്‍ട്ടണില്‍ ഇന്ത്യയ്ക്ക് വിനയായത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 271 റണ്‍സെടുത്തു. എന്നാല്‍ 42 ഓവറില്‍ ജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 297 റണ്‍സ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെല്ലാം മികച്ച തുടക്കം കിട്ടിയെങ്കിലും മുതലാക്കാനായില്ല. ഇനി മൂന്ന് മത്സരങ്ങള്‍ കൂടിയുണ്ട് പരമ്പരയില്‍.