മുംബൈ: അവതാരലക്ഷ്യം പൂര്‍ത്തിയാക്കി മുംബൈയിലും വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം തോല്‍വി സമ്മതിച്ചു. ക്രിക്കറ്റ് ദൈവത്തിന് വിടവാങ്ങല്‍ പരമ്പരയില്‍ വിജയത്തോടെ രാജ്യത്തിന്റെ ആദരം. പൊരുതാന്‍ പോലും തങ്ങളില്ലേ എന്ന് വിളിച്ചുപറയുന്നയിരുന്നു ക്രിസ് ഗെയ്‌ലും, ചന്ദര്‍പോളും, ഡാരന്‍ ബ്രാവോയും അടങ്ങിയ കരീബിയന്‍ ബാറ്റിംഗ് നിര. ആദ്യ മണിക്കൂറില്‍ത്തന്നെ മൂന്ന് വിക്കറ്റുകള്‍ വീണതോടെ ടെസ്റ്റ് നാലാം ദിനത്തേക്ക് നീളില്ല എന്നുറപ്പായി.
ആദ്യ ഇന്നിംഗ്‌സലെപ്പോലെ തന്നെ പ്രഗ്യാന്‍ ഓജയുടെ ലെഗ് സ്പിന്നാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരെ വലച്ചത്. 43 ന് മൂന്ന് എന്ന നിലയില്‍ ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിന് ക്രിസ് ഗെയ്‌ലിനെ 35 ലും, സാമുവല്‍സിനെ 11 ലും ദിയോനരൈനെ റണ്ണെടുക്കും മുന്‍പും നഷ്ടമായി. ചന്ദര്‍പോളും രാംദിനും ചേര്‍ന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലാണ് വെസ്റ്റ് ഇന്ത്യന്‍ നിര പൊരുതിനോക്കുന്നു എന്നൊരു തോന്നലെങ്കിലും ഉണ്ടായത്.

ചന്ദര്‍പോളിനെ വീഴ്ത്തി അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. അവസാനവിക്കറ്റും വീഴ്ത്തി ടീം ഇന്ത്യ സച്ചിന് രാജകീയ വിടവാങ്ങല്‍ നല്‍കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 495നും പിന്നിലായിരുന്നു. ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും ഇന്നിഗ്‌സ് വിജയം. സ്വന്തം നാട്ടില്‍ ഉജ്വലമായ ഒരിന്നിംഗ്‌സ് കളിച്ച് ക്രിക്കറ്റ് ദൈവത്തിന് പരമ്പര വിജയത്തോടെ രാജകീയമായ വിടവാങ്ങല്‍.
നേരത്തെ അവസാന ഇന്നിംഗ്‌സ് കളിച്ച സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ 74 റണ്‍സിനൊപ്പം രോഹിത് ശര്‍മ, പൂജാര എന്നിവരുടെ എണ്ണം പറഞ്ഞ സെഞ്ചുറികള്‍ കൂടി ചേര്‍ന്നതോടെ ഇന്ത്യന്‍ ടോട്ടല്‍ മാനംമുട്ടെ ഉയര്‍ന്നു. വെസ്റ്റ് ഇന്‍ഡീസിന്റെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 182 നെതിരെ ഇന്ത്യ അടിച്ചുകൂട്ടിയത് 495 റണ്‍സ്. ക്രിസ് ഗെയില്‍ ഒരു വെടിക്കെട്ട് നടത്തി സച്ചിനെ ഒരിക്കല്‍ കൂടി ബാറ്റിംഗിനിറക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും നടന്നില്ല.