ദില്ലി: ഇന്ത്യയുടെ സൂപ്പര്‍ സ്റ്റാര്‍ ബോക്സര്‍ വിജേന്ദര്‍ സിംഗിന്റെ കരിയര്‍ നശിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ആമിര്‍ ഖാന്. ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയിറ്റ് കിരീടം നേടിയ ശേഷം വിജേന്ദര്‍ സിംഗ് നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡബ്ല്യു ബി എ ലൈറ്റ് വെയ്റ്റ് ചാമ്പ്യനായ ആമിര്‍ ഖാന്. പ്രൊഫഷണല്‍ ബോക്സിങ് രംഗത്ത് ഇന്ത്യയുടെ പുതിയ കാല്വപ്പായിരുന്നു വിജേന്ദര്‍ സിങ് നേടിയ കിരീടം.
വിജേന്ദര്‍ സിങിന്റെ ഇടി കാണണോ... നല്ല കിടിലന്‍ ഇടി!!!
വിജേന്ദറിന് വെറും ഏഴ് മത്സരങ്ങളുടെ പരിചയം മാത്രമേ ഉള്ളൂ. വേണമെങ്കില്‍ ഇന്ത്യന്‍ താരത്തിന്റെ പ്രൊഫഷണല്‍ കരിയര്‍ തന്നെ തകര്‍ക്കാന്‍ തനിക്ക് സാധിക്കും. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവേയാണ് വിജേന്ദര്‍ സിംഗിന് മുന്നറിയിപ്പ് എന്ന തരത്തില്‍ ആമിര്‍ ഖാന് ഈ വാക്കുകള്‍ പറഞ്ഞത്. ബ്രീട്ടീഷ് ബോക്സറായ ആമിര്‍ ഖാന് ഒളിംപിക്സില്‍ വെള്ളിമെഡല്‍ നേടിയിട്ടുണ്ട്.
വിജേന്ദര്‍ സിംഗിന്റെയും തന്റെയും പ്രൊഫഷണല്‍ നിലവാരത്തില്‍ വലിയ വ്യത്യാസമുണ്ട്. എതിരാളികളെ തിരഞ്ഞെടുക്കുന്നതില്‍ വിജേന്ദര്‍ സിംഗ് ബുദ്ധി കാണിക്കണം. വിജേന്ദര്‍ സിംഗിനോട് എനിക്ക് വലിയ ബഹുമാനം ഉണ്ട്. പക്ഷേ വായില്‍ കൊള്ളാവുന്നത് മാത്രമേ ചവയ്ക്കാന്‍ ശ്രമിക്കാവൂ. എന്നെപ്പോലുള്ള പരിചയസമ്പന്നരായ ബോക്സര്‍മാരെ വെല്ലുവിളിക്കാന്‍ വിജേന്ദര്‍ ഇനിയും ആയിട്ടില്ല.
നേരത്തെ, കെറി ഹോപ്പിനെ 10 റൗണ്ട് നീണ്ട പോരാട്ടത്തില്‍ തോല്‍പ്പിച്ച് ഏഷ്യാ പസഫിക് സൂപ്പര്‍ മിഡില്‍വെയിറ്റ് കിരീടം സ്വന്തമാക്കിയ ശേഷമാണ് ആമിര്‍ ഖാനുമായി ഒരു പോരാട്ടത്തിന് തയ്യാറാണെന്ന് വിജേന്ദര്‍ പറഞ്ഞത്. ഇങ്ങനെ ഒരു പോരാട്ടം നടക്കുമോ എന്നറിയില്ല. പക്ഷേ നടന്നാല്‍ അത് നൂറ്റാണ്ടിന്റെ പോരാട്ടമായിരിക്കും. ആമിര്‍ ഖാനുമായി എവിടെ വെച്ച് മത്സരിക്കാനും താന്‍ തയ്യാറാണ് - വിജേന്ദര്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.