സാവോപോളോ: അര്‍ജന്റീനന്‍ ഗോള്‍ കീപ്പര്‍ റൊമേരോ ആണ് ഇപ്പോര്‍ അര്‍ജന്റീനയിലെയും അര്‍ജന്റീനന്‍ ആരാധകരുടെയും ഹീറോ. എന്നാല്‍, ഹോളണ്ടിന് റൊമേരോ വില്ലന്‍ പരിവേഷമാണ്. കാരണം, അവരുടെ ലോകകപ്പ് സ്വപ്നങ്ങള്‍ തടുത്തിട്ടത് റൊമേരോ ആണ്. എന്നാല്‍ റൊമേരോയെ പെനാല്‍റ്റി തടുക്കാന്‍ പഠിപ്പിച്ചത് ഹോളണ്ടിന്റെ കോച്ച് വാന്‍ ഗാല്‍ തന്നെയാണെങ്കിലോ.
അതാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. റൊമേരോയെ ഗോള്‍ കീപ്പിംഗ് പഠിപ്പിച്ചത് താനാണെന്ന സത്യം വാന്‍ ഗാല്‍ പുറത്തുവിട്ടു. വര്‍ഷങ്ങള്‍ക്കു മുന്‍പ് 2007ല്‍ ഹോളണ്ടിലെ അസ് അല്ക്കമാര് ക്ലബില്‍ റൊമേരോയുടെ കോച്ച് ആയിരുന്നു തന്ത്രങ്ങളുടെ രാജാവെന്നറിയപ്പെടുന്ന വാന്‍ ഗാല്‍. ടീമിലെ മൂന്നാം ഗോളിയായിരുന്ന റൊമേരോയുടെ കഴിവുകള്‍ കണ്ടെത്തുകയും മുന്‍നിര താരമാക്കുകയും ചെയ്തതില്‍ വാന്‍ ഗാലിന് വലിയ പങ്കുണ്ട്.
ക്ലബ്ബില്‍ പേരെടുത്തതോടെ ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ സാംപ്ദോരിയ റോമേരോയെ വന്‍ പ്രതിഫലം നല്കി സ്വന്തമാക്കുകയായിരുന്നു. 2010ലും അര്‍ജന്റീനയുടെ ദേശീയ ടീമിന്റെ ഗോള്‍ കീപ്പറായിരുന്നു റൊമേരോ. ഈ ലോകകപ്പിലും റൊമേരോയെ ഗോള്‍ കീപ്പറായി നിലനിര്‍ത്തിയപ്പോള്‍ പലഭാഗത്തുനിന്നും വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ഒറ്റ മത്സരം കൊണ്ട് അവസാനിപ്പിച്ചിരിക്കുകയാണ് അര്‍ജന്റീനന്‍ ഗോളി.
അതേസമയം, ക്വാര്‍ട്ടര്‍ ഫൈനലില്‍ കോസ്റ്റോറിക്കയ്ക്കെതിരെ ഗോളിയെ മാറ്റി പരീക്ഷിച്ച വാന്‍ ഗാല്‍ അര്‍ജന്റീനയ്ക്കെതിരെ അത്തരമൊരു മാറ്റത്തിന് മുതിരാതിരുന്നത് എന്തുകൊണ്ടാണെന്നത് അജ്ഞാതമാണ്. ലോകകപ്പ് ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ച പകരക്കാരനായ കളിക്കാരനായി മാറിയ ഗോളി ക്രൂള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹോളണ്ടിന്റെ തോല്‍വി കണ്ട് സൈഡ് ബെഞ്ചിലിരിക്കുകയായിരുന്നു.