മാഞ്ചസ്റ്റര്‍: ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ പേര്‍ പൂജ്യത്തിന് പുറത്തായി എന്ന നാണംകെട്ട ലോകറെക്കോര്‍ഡ് ഇനി ഇന്ത്യന്‍ ടീമിന്. ലോകത്തെ ഏറ്റവും മികച്ച ബാറ്റിംഗ് നിര എന്ന് കുറച്ചുകാലം മുന്‍പ് വരെ കേള്‍വികേട്ട ഇന്ത്യയ്ക്കാണ് ഈ ദുര്‍ഗതി വന്നിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റിംഗ് നിരയിലെ ആറ് പേരാണ് അക്കൗണ്ട് തുറക്കാനാകാതെ മടങ്ങിയത്.
വിരാട് കോലി, ചേതേശ്വര്‍ പൂജാര, മുരളി വിജയ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, പങ്കജ് സിംഗ് എന്നിവരാണ് നാലാം ടെസ്റ്റിലെ ഇന്ത്യയുടെ സംപൂജ്യര്‍. ടീമ ടോട്ടല്‍ എട്ടില്‍ നില്‍ക്കേ ഇന്ത്യയുടെ നാല് വിക്കറ്റുകളാണ് ഒരു റണ്‍ പോലും വഴങ്ങാതെ ഇംഗ്ലണ്ട് എറിഞ്ഞ് വീഴ്ത്തിയത്. ആറ് പേര്‍ പൂജ്യരായ ഇന്ത്യന്‍ ഇന്നിംഗ്‌സ് അധികനേരം നീണ്ടുനിന്നില്ല. 152 റണ്‍സില്‍ അത് അവസാനിച്ചു.

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇത് മൂന്നാം തവണയാണ് ഒരു ടീമിലെ ആറ് പേര്‍ റണ്‍സൊന്നും എടുക്കാതെ പുറത്താകുന്നത്. പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരാണ് ഇതിന് മുന്‍പ് ഈ റെക്കോര്‍ഡ് കൈവരിച്ച ടീമുകള്‍. ഇന്ത്യയ്ക്ക് ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. അഞ്ച് പേര്‍ പൂജ്യത്തിന് പുറത്തായതായിരുന്നു ഇതുവരെ ഇന്ത്യന്‍ റെക്കോര്‍ഡ്.
ആറ് പേര്‍ പൂജ്യത്തിന് പുറത്തായ ടീമുകളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടാനായി എന്ന ആശ്വാസം ഇന്ത്യയ്ക്കുണ്ട്. ആറ് പേര്‍ പൂജ്യത്തിന് പോയെങ്കിലും ഇന്ത്യ 152 ലെത്തി. 71 റണ്‍സെടുത്ത ധോണിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍, ഒമ്പതാമനായാണ് ധോണി പുറത്തായത്. ഫാസ്റ്റ് ബൗളിംഗ് പിച്ചില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരവസരത്തില്‍ നാല് വിക്കറ്റിന് എട്ട് എന്ന നിലയിലാണ്.