ഛത്തീസ്ഗഡ്: ഹരിയാണയില്‍ നിന്നും റിയോ ഒളിമ്പിക്‌സില്‍ യോഗ്യത നേടിയവര്‍ക്കെല്ലാം ഹരിയാണ സര്‍ക്കാര്‍ 15 ലക്ഷം രൂപ നല്‍കും. സംസ്ഥാന കായികമന്ത്രി അനില്‍ വിജ് ആണ് കായികതാരങ്ങള്‍ക്ക് പണം നല്‍കുന്ന കാര്യം അറിയിച്ചത്. ഇതു കൂടാതെ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വര്‍ണ മെഡല്‍ നേടുന്ന താരങ്ങള്‍ക്ക് ആറ് കോടി രൂപ, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് നാല് കോടി രൂപ, വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് 2.5 കോടി രൂപ എന്നിങ്ങനെയാണ് ഹരിയാണ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. 10 പുരുഷന്മാരും 12 സ്ത്രീകളും ഉള്‍പ്പെടെ 22 കായിക താരങ്ങളാണ് ഹരിയാണയില്‍ നിന്നും റിയോയിലെത്തുന്നത്.

സംസ്ഥാനത്തെ കായിക താരങ്ങളില്‍ വന്‍ പ്രതീക്ഷയുണ്ടെന്ന് മന്ത്രി പറഞ്ഞു. താരങ്ങള്‍ മെഡല്‍നേടി രാജ്യത്തിന്റെ കീര്‍ത്തി ഉയര്‍ത്തണം. ഇവര്‍ക്ക് എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. പണത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതിയാണ് ഒളിമ്പിക്‌സിന് മുന്‍പുതന്നെ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓഗസ്തില്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഇന്ത്യയില്‍ വന്‍ കായിക സംഘമാണ് പങ്കെടുക്കുന്നത്. ഷൂട്ടിങ്, ടെന്നീസ്, ഗുസ്തി, ബാഡമിന്റണ്‍ തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യയുടെ പ്രധാന മെഡല്‍ പ്രതീക്ഷകള്‍.