പ്രതാപ്ഘട്ട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രേമിച്ച 18 കാരി ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യം കാരണമാണ് 18 കാരി ജീവനൊടുക്കിയത്. ഉത്തര്‍ പ്രദേശിലെ പ്രതാപ്ഘട്ട് പ്രദേശത്ത് ലാല്‍ഗഞ്ചിലാണ് സംഭവം. ഖാപ് പഞ്ചായത്ത് വിളിച്ചുകൂട്ടി സമ്മതം ചോദിച്ചപ്പോള്‍ ആണ്‍കുട്ടി മിണ്ടാതെ നിന്നതില്‍ പ്രകോപിതയായ യുവതി സ്വയം തീക്കൊളുത്തി മരിക്കുകയായിരുന്നു.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും. ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. ബന്ധം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പെണ്‍കുട്ടിക്ക് വേറെ വിവാഹം നിശ്ചയിച്ചു. പെണ്‍കുട്ടിയുടെ താല്പര്യം പരിഗണിക്കാതെയായിരുന്നു ഇത്. ആണ്‍കുട്ടിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടി തന്നോടൊപ്പം ഒളിച്ചോടാന്‍ കാമുകനെ നിര്‍ബന്ധിച്ചു.
എന്നാല്‍ ആളുകള്‍ വിവരമറിഞ്ഞ് ഓടിക്കൂടിയതോടെ പെണ്‍കുട്ടിയുടെ പദ്ധതികള്‍ പൊളിഞ്ഞു. തുടര്‍ന്ന് ഖാപ് പഞ്ചായത്ത് വിളിച്ചുകൂട്ടി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമായി. ആണ്‍കുട്ടിയെ വിവാഹം ചെയ്തേ പറ്റൂ എന്ന വാശിയിലായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ഖാപ് പഞ്ചായത്തംഗങ്ങള്‍ ആണ്‍കുട്ടിയോട് വിവാഹത്തിന് സമ്മതമാണോ എന്ന് ചോദിച്ചെങ്കിലും ആണ്‍കുട്ടി ഒന്നും മിണ്ടിയില്ല.
ഇതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടി വീട്ടിലേക്ക് ഓടിപ്പോയി ദേഹത്ത് തീക്കൊളുത്തുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പ്രതാപ്ഘട്ട് പോലീസ് കേസെടുത്തു.