ചെന്നൈ: ആഗസ്ത് 27 മുതല്‍ സെപ്തംബര്‍ 18 വരെ നടക്കുന്ന തമിഴ്‌നാട് പ്രീമിയര്‍ ലീഗിനുള്ള താരലേലം അവസാനിച്ചു. ആര്‍ അശ്വിന്‍, മുരളി വിജയ്, ദിനേശ് കാര്‍ത്തിക് തുടങ്ങിയ പ്രമുഖര്‍ ടൂര്‍ണമെന്റ് കളിക്കാനുണ്ടാകും. ഐ പി എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ടി എന്‍ പി എല്ലില്‍ 8 ടീമുകളാണ് ഉള്ളത്. സെമിഫൈനലും ഫൈനലും അടക്കം 21 കളികളുണ്ടാകും. ടി എന്‍ പി എല്ലിന്റെ ആദ്യത്തെ സീസണാണ് ഇത്.
ദക്ഷിണേന്ത്യയില്‍ ഇതിനോടകം കര്‍ണാടകയില്‍ പ്രീമിയര്‍ ലീഗ് വിജയകരമായി കളിക്കുന്നുണ്ട്. തമിഴ്‌നാടിന് കൂടി പ്രീമിയര്‍ ലീഗായതോടെ ഇനി കേരളത്തില്‍ എപ്പോഴാണ് പ്രീമിയര്‍ ലീഗ് എന്ന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സഞ്ജു സാംസനെയും സച്ചിന്‍ ബേബിയെയും പോലുള്ള ഐ പി എല്‍ താരങ്ങള്‍ കേരളത്തിനുണ്ട്. സംസ്ഥാന തല പ്രീമിയര്‍ ലീഗ് കളിക്കുന്നത് കേരളത്തില്‍ നിന്നും നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.

ഡിണ്ടിഗുല്‍ ടീമിന് വേണ്ടിയാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അശ്വിന്‍ കളിക്കുക. ഓപ്പണര്‍ മുരളി വിജയ് കോയമ്പത്തൂര്‍ ടീമിന് വേണ്ടി ഇറങ്ങും. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്ക് തൂത്തുക്കുടിക്ക് വേണ്ടി കളിക്കും. ചെപ്പോക്കിന് വേണ്ടി കളിക്കുന്ന ആര്‍ സതീഷ്, മധുരൈയുടെ അരുണ്‍ കാര്‍ത്തിക്ക്, തിരുവള്ളൂരിന്റെ ബാബ അപരാജിത്, കരൈക്കുടിയുടെ ബദരീനാഥ് തുടങ്ങിയവരാണ് തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ പ്രധാന താരങ്ങള്‍.