Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നമ്മൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നു'; ടേബിൾ ടെന്നീസിലെ ലോക ശക്തിയാവാൻ ഇന്ത്യക്ക് കഴിയുമെന്ന് ശരത് കമൽ

ഇന്ത്യൻ ടേബിൾ ടെന്നീസിന്റെ വളർച്ചയും പരിണാമവും ശരത് കമലിനോളം അടുത്തറിഞ്ഞ മറ്റൊരു താരം രാജ്യത്ത് കാണില്ല. കോമൺവെൽത്ത് ഗെയിംസിലെ വൻ കുതിപ്പിലൂടെ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഈ വെറ്ററൻ താരം കളിയിൽ നിന്ന് മാറി നിൽക്കുമ്പോഴും വലിയ പ്രതീക്ഷകളാണ് പങ്കുവെക്കുന്നത്. ഇന്ത്യൻ ടേബിൾ ടെന്നീസ് ചരിത്രത്തിലെ ഏറ്റവും സുവർണകാലഘട്ടത്തിലേക്കാണ് ഇപ്പോൾ കടക്കുന്നതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിലവിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അത്‌ലറ്റ്സ് കമ്മീഷൻ അംഗമായി അദ്ദേഹം കായിക ഭരണരംഗത്തേക്ക് ചുവടുവെക്കുകയാണ്.

വർഷങ്ങളായി, കോമൺവെൽത്ത് ഗെയിംസിലെ പ്രകടനങ്ങളെയും അവിടെ നേടുന്ന മെഡലുകളെയും അടിസ്ഥാനമാക്കിയാണ് ഇന്ത്യൻ ടേബിൾ ടെന്നീസിന്റെ നിലവാരവും പുരോഗതിയും വിലയിരുത്തിയിരുന്നത്. ഏഴ് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം റെക്കോർഡ് മെഡലുകൾ നേടി ഈ ടൂർണമെന്റിൽ ഇന്ത്യയുടെ പതാകവാഹകനും കരുത്തുമായിരുന്നു ശരത് കമൽ. എന്നാൽ, ആ പ്രാദേശിക മേധാവിത്വത്തിനും അപ്പുറത്തേക്ക് നമ്മുടെ ടേബിൾ ടെന്നീസ് ഇന്ന് വളർന്നു പന്തലിച്ചിരിക്കുകയാണെന്ന് ചെന്നൈ സ്വദേശിയായ ഈ താരം വ്യക്തമാക്കുന്നു. ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച റാങ്കിങ് പുരോഗതിയും ലോകവേദികളിലെ പുതിയ മുന്നേറ്റങ്ങളും ഇതിന് തെളിവാണ്.

sharath kamal

ഇന്ത്യക്ക് അന്താരാഷ്ട്ര ടേബിൾ ടെന്നീസ് വേദികളിൽ മികച്ച മെഡലുകൾ നേടാൻ കഴിയുന്നില്ല എന്ന പൊതുവായ വാദത്തോട് തനിക്ക് ഒട്ടും യോജിക്കാൻ കഴിയില്ലെന്ന് സ്പോർർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഒരു വെർച്വൽ ചർച്ചയിൽ ശരത് കമൽ പറഞ്ഞു. "നമ്മൾ നിരവധി അന്താരാഷ്ട്ര മെഡലുകളാണ് ഇപ്പോൾ സ്വന്തമാക്കുന്നത്. ഡബിൾസിൽ നമ്മൾ ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ ലോക വൻശക്തിയായ ചൈനയെ അവരുടെ മണ്ണിൽ ചെന്ന് തോൽപ്പിക്കാൻ ഇന്ത്യക്ക് കഴിഞ്ഞു. ടേബിൾ ടെന്നീസ് ചരിത്രത്തിൽ ഇതിനുമുമ്പ് രാജ്യം കാണാത്ത തരത്തിലുള്ള അവിശ്വസനീയമായ പ്രകടനങ്ങളാണ് നമ്മുടെ ടീം കാഴ്‌ചവെക്കുന്നത്," അദ്ദേഹം വ്യക്തമാക്കി.

യുവനിരയുടെ കരുത്ത്; ഒളിമ്പിക്‌സ് സ്വപ്‌നങ്ങൾ

സീനിയർ തലത്തിൽ മാത്രമല്ല, ജൂനിയർ തലത്തിലും ഇന്ത്യ വലിയ പുരോഗതിയാണ് കൈവരിക്കുന്നത്. സിൻഡ്രേല ദാസ്, ദിവ്യാൻഷി ഭൗമിക്, പിബി അഭിനന്ദ്, അങ്കൂർ ഭട്ടാചാര്യ, പ്രേമാജ് ഭട്ടാചാര്യ തുടങ്ങിയ ഒട്ടനവധി യുവ പ്രതിഭകളാണ് ഇന്ത്യൻ ടേബിൾ ടെന്നീസിന്റെ ഭാവി വാഗ്‌ദാനങ്ങളായി വളർന്നുവരുന്നത്. വേൾഡ് ടേബിൾ ടെന്നീസ് സർക്യൂട്ടിൽ ഇവർ ഇതിനകം തന്നെ അന്താരാഷ്ട്ര കിരീടങ്ങൾ നേടുകയും മികച്ച പ്രകടനങ്ങൾ കാഴ്‌ചവെക്കുകയും ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന 2032, 2036 ഒളിമ്പിക്‌സുകളിൽ ഇന്ത്യ മെഡൽ നേടാൻ ശക്തമായ സാധ്യതകളുണ്ടെന്ന് ശരത് കമാൽ ഉറച്ചു വിശ്വസിക്കുന്നു.

എങ്കിലും, ജൂനിയർ തലത്തിലുള്ള ഒരു താരം സീനിയർ തലത്തിലേക്ക് മാറുമ്പോൾ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധി ഇന്ത്യൻ ടേബിൾ ടെന്നീസ് മറികടക്കേണ്ടതുണ്ടെന്ന് താരം ഓർമ്മിപ്പിക്കുന്നു. പ്രായപരിധിയിലുള്ള ജൂനിയർ മത്സരങ്ങളിൽ വിജയിക്കുന്നത് കൊണ്ട് മാത്രം ഒരാൾക്ക് അന്താരാഷ്ട്ര സീനിയർ ടൂർണമെന്റുകളുടെ കഠിനമായ സമ്മർദ്ദത്തെ നേരിടാൻ കഴിയില്ല. യുവതാരങ്ങൾക്ക് കൂടുതൽ അന്താരാഷ്ട്ര മത്സര പരിചയം നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, ജൂനിയർ മത്സരങ്ങൾ മാത്രം കളിച്ചാൽ പോരെന്നും സീനിയർ മത്സരങ്ങളുടെ വലിയ വേദി അവർക്ക് പരിചയപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

പരിശീലന രീതികളിലെ മാറ്റവും മെന്ററിങ്ങും

ഇതിനായി ഇന്ത്യൻ ടീമിന്റെ വിദേശ യാത്രാ പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് നിലവിൽ ഗൗരവകരമായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് 44-കാരനായ ശരത് കമാൽ വെളിപ്പെടുത്തി. വിദേശ ടൂർണമെന്റുകളിലേക്ക് ആറ് സീനിയർ താരങ്ങളെ മാത്രം അയക്കുന്നതിന് പകരം നാല് സീനിയർ താരങ്ങളെയും രണ്ട് മികച്ച ജൂനിയർ താരങ്ങളെയും ഒന്നിച്ച് വിദേശത്തേക്ക് അയക്കുക എന്നതാണ് ഈ നിർദ്ദേശം. ഇതുവഴി യുവതാരങ്ങൾക്ക് സീനിയർ മത്സരങ്ങളുടെ അന്തരീക്ഷം നേരിട്ടറിയാനും മുതിർന്ന കളിക്കാരുമായി ഇടപഴകി അവരുടെ അനുഭവപരിചയം സ്വന്തമാക്കാനും സാധിക്കുമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

പെട്ടെന്ന് ഒരു ദിവസം സീനിയർ തലത്തിലേക്ക് കടന്നുവരുമ്പോൾ ഏതൊരു യുവതാരത്തിനും പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ നേരത്തെ തന്നെ പരിചയസമ്പന്നരായ മുതിർന്ന കളിക്കാർക്കൊപ്പം സഞ്ചരിക്കുകയും ഒരുമിച്ച് പരിശീലനം നടത്തുകയും ചെയ്യുമ്പോൾ ഈ മാറ്റം വളരെ എളുപ്പമുള്ളതായി മാറും. മത്സരങ്ങളിലെ വിജയങ്ങളേക്കാൾ ഉപരിയായി ഈ ഒരു മെന്ററിങ് പ്രക്രിയ നമ്മുടെ യുവതാരങ്ങളുടെ മാനസിക വളർച്ചയ്ക്കും കളി മികവ് കൂട്ടാനും വലിയ സംഭാവന നൽകും.

ഏഷ്യൻ ഗെയിംസിലെ മെഡൽ പ്രതീക്ഷകൾ

2022-ലെ ബെർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ മൂന്ന് സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും ഉൾപ്പെടെ അഞ്ച് മെഡലുകളുമായി മികച്ച മുന്നേറ്റമാണ് ഇന്ത്യ കാഴ്‌ചവെച്ചത്. എന്നാൽ, ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന 2026-ലെ അടുത്ത കോമൺവെൽത്ത് ഗെയിംസിന്റെ മത്സര ഇനങ്ങളിൽ നിന്ന് ടേബിൾ ടെന്നീസ് ഒഴിവാക്കിയത് കായികപ്രേമികൾക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിൽ, ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കാനിരിക്കുന്ന 2026-ലെ ഏഷ്യൻ ഗെയിംസിലേക്ക് മാത്രമായിരിക്കും ഇന്ത്യൻ പാഡ്‌ലർമാരുടെ പൂർണമായ ശ്രദ്ധ തിരിയുക.

വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ സിംഗിൾസ് മത്സരങ്ങളേക്കാൾ ഡബിൾസിലും ടീം ഇനങ്ങളിലുമാണ് ഇന്ത്യയ്ക്ക് നിലവിൽ കൂടുതൽ മെഡൽ സാധ്യതയുള്ളതെന്ന് ശരത് കമാൽ വിലയിരുത്തുന്നു. പുരുഷ ഡബിൾസിൽ മാനവ് താക്കർ - മാനുഷ് ഷാ സഖ്യത്തിലും, വനിതാ വിഭാഗത്തിൽ ശ്രീജ അകുല - ദിയ ചിതാലെ സഖ്യത്തിലും മിക്‌സഡ് ഡബിൾസിലുമാണ് ഏഷ്യയിലെ മികച്ച താരങ്ങളെ നേരിടാൻ ഇന്ത്യയ്ക്ക് സാധിക്കുക. ടീം ഇനങ്ങളിലും ഡബിൾസിൽ മികച്ച ആസൂത്രണം ഉണ്ടായാൽ ഇന്ത്യക്ക് തീർച്ചയായും മെഡലുകൾ സ്വന്തമാക്കാൻ സാധിക്കും.

ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ ശക്തമായ മേതാവിത്വം ഉള്ളതിനാൽ ഏഷ്യൻ ടൂർണമെന്റുകളിൽ സിംഗിൾസ് വിഭാഗം എല്ലായ്പ്പോഴും കനത്ത വെല്ലുവിളി നിറഞ്ഞതായിരിക്കും. എങ്കിലും നിലവിലെ ഇന്ത്യൻ താരങ്ങൾ കൈവരിച്ചിട്ടുള്ള മികച്ച ആഗോള റാങ്കിങ് ഈ മത്സരങ്ങളിലും സാധ്യത നൽകുന്നുണ്ട്. അതേസമയം, 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ രാജ്യത്തിന്റെ കായിക ലോകത്തിന് വലിയ മാറ്റങ്ങൾ സമ്മാനിക്കും. ഒളിമ്പിക്‌സ് വേദിയാകാനുള്ള ഇന്ത്യയുടെ യാത്രയിലെ പ്രധാന ചുവടുവെപ്പായിരിക്കും ഇതെന്നും ശരത് കമാൽ വ്യക്തമാക്കുന്നു.

കായിക മേഖലയുടെ വളർച്ച

ഒരു കായിക രാജ്യമെന്ന നിലയിൽ ഇന്ത്യ കൂടുതൽ ശക്തമാകാൻ കേവലം കളിക്കാർ മാത്രം വളർന്നാൽ പോരെന്നും ശക്തമായ ഭരണസംവിധാനവും അനുയോജ്യമായ കായിക അന്തരീക്ഷവും രാജ്യത്ത് ഉണ്ടാകണമെന്നും ശരത് കമൽ ഊന്നിപ്പറയുന്നു. 'ഒരു കായിക രാജ്യത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നത് മൈതാനത്തെ കളിക്കാർ മാത്രമല്ല. കായിക രംഗത്തെ ഭരിക്കുന്നവരും പരിശീലകരും ഈ കായിക വ്യവസ്ഥിതിയുടെ എല്ലാ തലങ്ങളും ഒരുമിച്ച് വികസിക്കേണ്ടതുണ്ട്' എന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള ഈ ഇതിഹാസ താരം തന്റെ അഭിപ്രായം പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ച ശരത് കമാൽ ഇപ്പോൾ കളിസ്ഥളത്തിന് പുറത്ത് ഒട്ടനവധി നിർണായക ചുമതലകളിലാണ് വ്യാപൃതനായിരിക്കുന്നത്. ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ സംഘത്തിന്റെ ഡെപ്യൂട്ടി ഷെഫ് ഡി മിഷൻ പദവി, തമിഴ്‌നാട് ഹൈ പെർഫോമൻസ് സെന്ററിന്റെ ഡയറക്‌ടർ ചുമതല, ദേശീയ ടേബിൾ ടെന്നീസ് ടീമിന്റെ ഉപദേശകൻ എന്നീ നിലകളിൽ അദ്ദേഹം പൂർണമായി വ്യാപൃതനാണ്. ഈ പുതിയ ഉത്തരവാദിത്തങ്ങൾ കായികരംഗത്തെക്കുറിച്ച് തനിക്ക് കൂടുതൽ ആഴത്തിലുള്ള പുതിയൊരു കാഴ്‌ചപ്പാടാണ് നൽകിയതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

മുമ്പ് ഒരു കളിക്കാരനായിരുന്നപ്പോൾ സ്വന്തം കായിക പ്രകടനത്തെക്കുറിച്ചും ടൂർണമെന്റുകളിലെ വിജയങ്ങളെക്കുറിച്ചും മാത്രമായിരുന്നു താൻ ചിന്തിച്ചിരുന്നതെന്ന് ശരത് കമാൽ തുറന്നു പറയുന്നു. എന്നാൽ ഇന്ന് പരിശീലനം, താരങ്ങളുടെ ശാരീരിക ക്ഷമത വീണ്ടെടുക്കൽ, മെഡിക്കൽ സപ്പോർട്ട്, താമസം തുടങ്ങി വിജയം ഉറപ്പാക്കാൻ ആവശ്യമായ ഇതര സൌകര്യങ്ങളെക്കുറിച്ചെല്ലാം വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. തന്റെ ദീർഘകാല അനുഭവസമ്പത്തിൽ നിന്നും ആർജ്ജിച്ചെടുത്ത ജ്ഞാനം ഇന്ത്യൻ കായിക മേഖലയുടെ പുരോഗതിക്കായി വിനിയോഗിക്കാനാണ് ഈ കായിക ഇതിഹാസം ഇപ്പോൾ ലക്ഷ്യമിടുന്നത്.

Story first published: Wednesday, July 22, 2026, 14:05 [IST]
Other articles published on Jul 22, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+