റിയോ ഒളിമ്പിക്‌സ്: ഒളിമ്പിക്‌സില്‍ കരുത്തോടെ ഫിനിഷ് ചെയ്യണമെന്ന് ദ്യുതി ചന്ദ്
ബെംഗളുരു: റിയോ ഒളിമ്പിക്‌സില്‍ കരുത്തോടെ ഫിനിഷ് ചെയ്യണമെന്ന് ഇന്ത്യയുടെ സ്പ്രിന്റ് താരം ദ്യുതി ചന്ദ്. അടുത്ത മാസം ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്‌സിനായുള്ള പരിശീശലനത്തിലാണ് ദ്യുതി ഇപ്പോള്‍. ആദ്യത്തെ 60 മീറ്ററില്‍ താന്‍ മികച്ചതാണെന്ന് പറയുന്ന ദ്യതി ഒടുവിലത്തെ 40 മീറ്ററാണ് വേഗത കുറയ്ക്കുന്നതെന്നും കൂട്ടിച്ചേര്‍ക്കുന്നു. 36 വര്‍ഷത്തിന് ശേഷം ഇന്ത്യയില്‍ നൂറ് മീറ്ററില്‍ യോഗ്യത നേടുന്ന ആദ്യത്തെ വനിതയാണ് ദ്യുതി. പയ്യോളി എക്‌സ്പ്രസ് പിടി ഉഷയ്ക്ക് ശേഷമാണ് ദ്യുതിയുടെ ഭാഗ്യം തെളിയുന്നത്. 1980ല്‍ മോസ്‌കോയില്‍ നടന്ന മത്സരത്തിലായിരുന്നു പിടി ഉഷ മത്സരിച്ചത്.
കഴിഞ്ഞ വര്‍ഷം ബീജിംഗില്‍ നടന്ന ലോകചാമ്പ്യന്‍ ഷിപ്പില്‍ സെമി ഫൈനലിലെത്തിയ കസ്‌ക്കിസ്ഥാന്റെ വിക്ടോറിയ സാബ്കിനയാണ് ദ്യുതിയുടെ മുഖ്യ എതിരാളി. ശരീരത്തില്‍ പുരുഷഹോര്‍മോണിന്റെ അളവ് അധികമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം വിലക്ക് നേരിട്ട ദ്യുതി ലോക കായിക തര്‍ക്കപരിഹാരകോടതിയുടെ അനുമതിയോടെയാണ് ട്രാക്കില്‍ തിരിച്ചെത്തിയത്.

നൂറ് മീറ്ററിലെ ദേശീയ ചാമ്പ്യനായ ദ്യുതിക്ക് ഒളിമ്പിക്‌സിലേക്കുള്ള വഴി തുറന്നത് കസാക്കിസ്ഥാനില്‍ വെച്ച് നടന്ന അന്ത്രാരാഷ്ട്ര അതിലറ്റിക് ചാമ്പ്യന്‍ ഷിപ്പാണ്. 11. 30 സെക്കന്റിലായിരുന്നു ദ്യുതി ഫിനിഷ് രേഖ കടന്നത്.