റിയോ ഡി ജനീറോ: ഒളിംപിക്‌സില്‍ ജിംനാസ്റ്റില്‍ ഫൈനല്‍ യോഗ്യത നേടുന്ന ഇന്ത്യന്‍ താരമെന്ന ബഹുമതി ദിപാ കര്‍മാകറിന് സ്വന്തം. ജിംനാസ്റ്റില്‍ വോള്‍ട്ട് ഇനത്തില്‍ എട്ടാം സ്ഥാനംനേടിയാണ് 22 കാരിയായ ദിപ ഒളിംപിക്‌സ് ഫൈനലിലേക്ക് കടക്കുന്നത്. ഞായറാഴ്ച നടന്ന മത്സരത്തിലായിരുന്നു ദിപ കരുത്ത് തെളിയിച്ചത്.
ആദ്യത്തെ മൂന്ന് ഡിവിഷന്‍ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറാം സ്ഥാനത്തുനിന്നിരുന്ന ദിപ നാലാം ഡിവിഷനില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. അവസാന ഡിവിഷനില്‍ എട്ടാം സ്ഥാനത്തെത്താന്‍ കഴിഞ്ഞതാണ് ഈ ജിംനാസ്റ്റിക് താരത്തിന് നിര്‍ണ്ണായകമായത്. 51.665 പോയിന്റാണ് ദിപ നേടിയത്.

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്കില്‍ വാള്‍ട്ട്, അണ്‍ഇവന്‍ ബാര്‍, ബാലന്‍സ് ബീം, ഫ്‌ളോര്‍ എക്‌സൈസ് എന്നീ വിഭാഗങ്ങളിലാണ് പ്രുഡനോവയില്‍ കഴിവ് തെളിയിച്ചിട്ടുള്ള ദിപ മത്സരിച്ചത്. ജിംനാസ്റ്റിക്കില്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാതാരമെന്ന ചരിത്രത്തിനൊപ്പം 52 വര്‍ഷത്തിന് ശേഷം ജിംനാസ്റ്റിക്കില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന താരമെന്ന ബഹുമതിയും ത്രിപുരക്കാരിയായ
ദിപ സ്വന്തമാക്കി.