ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ചെല്‍സിയുടെ എക്കാലത്തെയും മികച്ച ട്രൈക്കര്‍മാരിലൊരാളായ ദ്രോഗ്ബ ടീമിനൊപ്പം വീണ്ടും ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കന്‍ സോക്കര്‍ ലീഗിലേക്ക് മാറിയ ദ്രോഗ്ബ റിട്ടര്‍മെന്റിന് ആലോചിച്ചുവരികയാണെന്നും ഇതിനുശേഷം ചെല്‍സിയുടെ കോച്ചിങ് സ്റ്റാഫിലേക്ക് വരികയാണെന്നുമാണ് വാര്‍ത്തകള്‍.
തന്റെ ഏറ്റവും പ്രിയപ്പെട്ട ടീമായ ചെല്‍സി ലീഗില്‍ പിന്നോക്കം നില്‍ക്കുന്ന അവസ്ഥയില്‍ ഉപദേശകനായി ദ്രോഗ്ബ രണ്ടുതവണ സ്റ്റാഫ്‌ഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിയിരുന്നു. കോച്ച് മൗറീന്യോ പുറത്തായശേഷം നടന്ന മത്സരത്തിലും വെസ്റ്റ് ബ്രോമുമായി നടന്ന അവസാന മത്സരത്തിലും ദ്രോഗ്ബ സ്‌റ്റേഡിയത്തിലെത്തി മത്സരം വീക്ഷിച്ചു.

ക്ലബ്ബ് മാനേജ്‌മെന്റുമായി ദ്രോഗ്ബ തന്റെ ഭാവി പരിപാടി ചര്‍ച്ചചെയ്തതായി ഇംഗ്ലണ്ടില്‍ നിന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ടീം ഉടമ അബ്രമോവിച്ചുമായി അടുത്ത സുഹൃദ്ബന്ധമുള്ള ദ്രോഗ്ബയെ ടീമിനൊപ്പം നിലനിര്‍ത്തുന്നത് കളിക്കാര്‍ക്ക് ഗുണം ചെയ്യുമെന്ന് മാനേജ്‌മെന്റ് കരുതുന്നു. ദ്രോഗ്ബയുടെ മികവിലാണ് ചെല്‍സി ആദ്യമായി ചാമ്പ്യന്‍സ് ട്രോഫി കിരീടം ചൂടിയത്.
ക്ലബ്ബിനോടുള്ള ആത്മാര്‍ഥത നിലനിര്‍ത്താന്‍ പ്രീമിയര്‍ ലീഗിലെ മറ്റൊരു ടീമിലും കളിക്കില്ലെന്ന് തീരുമനിച്ച കളിക്കാരനാണ് ദ്രോഗ്ബ. ചെല്‍സിയില്‍ നിന്നും വിട്ടശേഷം തുര്‍ക്കി ക്ലബ്ബിലും പിന്നീട് അമേരിക്കന്‍ സോക്കര്‍ ലീഗിലേക്കും മാറിയ താരം ടീമിനൊപ്പം നില്‍ക്കണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്. ദ്രോഗ്ബയുടെ സാന്നിധ്യത്തെ ഇപ്പോഴത്തെ കോച്ച് ഗസ് ഹിഡിങ്കും സ്വാഗതം ചെയ്തിട്ടുണ്ട്.