റിയോ: പുരുഷന്മാരുടെ സിംഗിള്‍ സ്‌കള്‍സില്‍ ഇന്ത്യന്‍ റോവിംഗ് താരം ദത്തു ബാബന്‍ ഭൊകനാല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാജയപ്പെട്ടു. മത്സരത്തില്‍ നാലാം സ്ഥാനത്തായ ദത്തുവിന് സെമിയിലേക്ക് മുന്നേറാന്‍ കഴിഞ്ഞില്ല. മൂന്നാം സ്ഥാനത്തെത്തിയ പോളണ്ട് താരത്തെക്കാള്‍ ആറ് സെക്കന്റ് പിറകിലായിട്ടായിരുന്നു ദത്തു ഫിനിഷ് ചെയ്തത്.
സെമി ഫൈനല്‍ സാധ്യത നഷ്ടപ്പെട്ടതോടെ റാങ്കിങ്ങിനായുള്ള മത്സരത്തില്‍ ബൊക്കനാലിന് മത്സരിക്കാം. എന്നാല്‍, മെഡല്‍ നേടാനുള്ള സാധ്യത ഇല്ലാതായി. ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്ക് മാത്രമാണ് സെമിയില്‍ അവസരം ലഭിക്കുക. മികച്ച തുടക്കം നേടിയിട്ടും മുന്നേറാന്‍ കഴിയാത്തതാണ് ദത്തുവിന് വിനയായത്.

ആദ്യ 500 മീറ്റര്‍ പിന്നിടുമ്പോള്‍ ദത്തു മികച്ച സമയവുമായി മൂന്നാംസ്ഥാനത്തായിരുന്നു. എന്നാല്‍, പിന്നീട് വേഗത കുറഞ്ഞതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. മത്സരത്തില്‍ ക്രൊയേഷ്യയുടെ ഡാമിയര്‍ മാര്‍ട്ടിന്‍ ഒന്നാം സ്ഥാനത്തും ഗ്രേറ്റ് ബ്രിട്ടന്റെ അലന്‍ കാംബല്‍ രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ശനിയാഴ്ച നടന്ന 200 മീറ്റര്‍ ഹീറ്റ്‌സ് മത്സരത്തില്‍ 7:21: 67 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ഭൊകനാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടിയത്. ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യ ഓഷ്യാനിയ ഒളിംപിക്‌സ് യോഗ്യാത ടൂര്‍ണ്ണമെന്റില്‍ സിംഗിള്‍ സ്‌കള്‍സില്‍ വെള്ളി നേടിയതാണ് മഹാരാഷ്ട്ര സ്വദേശിയായ ഭൊകനാല്‍ ഒളിംപിക്‌സ് യോഗ്യത നേടിയത്.