ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. ഗെയിംസിന്റെ ഒന്‍പതാം ദിനം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ ഇന്ത്യയ്ക്കുവേണ്ടി ഷൂട്ടര്‍ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി. ഇതേ ഇനത്തില്‍ ഇന്ത്യയുടെ തന്നെ അഞ്ജും മൗദ്ഗില്‍ വെള്ളിയും കരസ്ഥമാക്കി.
ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്താണ് തേജസ്വിനിയുടെ സുവര്‍ണനേട്ടം. തേജസ്വിനി 457.9 സ്‌കോര്‍ നേടിയാണ് റെക്കോര്‍ഡിട്ടത്. ഇതോടെ ഗോള്‍ഡ് കോസ്റ്റില്‍ രണ്ട് മെഡലുകളും കോമണ്‍വെല്‍ത്തില്‍ ആകെ ഏഴു മെഡലുകളും തേജസ്വിനി നേടി. 2006 മെല്‍ബണ്‍ ഗെയിംസില്‍ രണ്ട് സ്വര്‍ണം നേടിയിരുന്നു.

അതിനിടെ ഇന്ത്യയുടെ ഗുസ്തി താരം മൗസം ഖത്രി 97 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ കടന്നു. മറ്റൊരു താരം ബജ്‌റംഗും ഗുസ്തിയില്‍ സ്വര്‍ണത്തിനായി ഏറ്റുമുട്ടും. ഇന്ത്യയ്ക്കിപ്പോള്‍ 15 സ്വര്‍ണവും 8 വെള്ളിയും 10 വെങ്കലവും ഉള്‍പ്പെടെ 33 മെഡലുകളാണ്. മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.