ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് സ്വര്‍ണ വേട്ട. ബോക്സിങ്ങില്‍ മേരി കോം സ്വര്‍ണം നേടിയതിന് പിന്നാലെ ഷൂട്ടര്‍ സഞ്ജീവ് രജ്പുത്തും ബോക്സര്‍ ഗൗരവ് സോളങ്കിയും സ്വര്‍ണം നേടി. അതേസമയം മറ്റൊരു ബോക്സര്‍ അമിത് ഫൈനലില്‍ പരാജയപ്പെട്ട് വെള്ളിമെഡല്‍ നേടി.
52 കിലോഗ്രാം വിഭാഗത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ ബ്രണ്ടന്‍ ഇര്‍വിനെ 4-1 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഗൗരവ് സ്വര്‍ണത്തില്‍ മുത്തമിട്ടത്. കടുത്ത പോരാട്ടം കണ്ട ഫൈനലില്‍ സോളങ്കി വീരോചിത പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ഇതോടെ ബോക്സിങ്ങില്‍ നിന്നുമാത്രം ഇന്ത്യയ്ക്ക് രണ്ടു സ്വര്‍ണം ലഭിച്ചു.
ഷൂട്ടര്‍ സഞ്ജീവ് രജ്പുത്ത് 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനിലാണ് സ്വര്‍ണം നേടിയത്. ആകെ 454.5 പോന്റുകള്‍ നേടിയ സഞ്ജീവ് ഗെയിംസ് റെക്കോര്‍ഡും സ്ഥാപിച്ചു. ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ ചെയിന്‍ സിങ്ങിന് അഞ്ചാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂ. ഇതോടെ 19 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്കു ഗെയിംസില്‍ 45 മെഡലുകളായി.