ഗോള്‍ഡ് കോസ്റ്റ്: ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടക്കുന്ന ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളുടെ ഫൈനലില്‍ സൈന നേവാളിന് സ്വര്‍ണം. 21-18, 23-21 എന്നിങ്ങനെ നേടിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ വിജയം. ഫൈനലില്‍ കടുത്ത പോരാട്ടമാണ് ഇരുവരും കാഴ്ചവെ്ച്ചത്.
സൈനയുടെ കോമണ്‍വെത്ത് ഗെയിംസിലെ രണ്ടാം സ്വര്‍ണമാണിത്.നേരത്തെ 2010ല്‍ ദില്ലിയില്‍ നടന്ന ഗെയിംസില്‍ സ്വര്‍ണം നേടിയിരുന്നു. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് ബഹുമതിയും സൈനയ്ക്ക് സ്വന്തമായി. സിന്ധുവിനെതിരായ മത്സര വിജയം സൈനയ്ക്ക് ആത്മവിശ്വാസം നല്‍കുന്നതായി.
അതേസമയം, പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ കെ ശ്രീകാന്ത് തോറ്റു. മലേഷ്യന്‍ എതിരാളി ലീ ചോങ് വെയിയോട് തോറ്റ ശ്രീകാന്തിന് വെള്ളി ലഭിച്ചു. ഗെയിംസിന്റെ പതിനൊന്നാം ദിനം ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും വനിതാ സ്ക്വാഷ് ഡബിള്‍സില്‍ വെള്ളി നേടി. ഫൈനലില്‍ ന്യൂസിലന്‍ഡിനോട് 9-11, 8-11 എന്ന സ്കോറിനും ഇരുവരും തോറ്റതോടെയാണ് വെള്ളി മെഡല്‍ ലഭിച്ചത്. ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജന്ത ശരത് കമല്‍ വെങ്കലം നേടി. മിക്സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ മാണിക ബത്ര, സത്യന് സഖ്യം വെങ്കലം കരസ്ഥമാക്കി.