മുംബൈ: വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ സ്പിന്നര്‍ സുനില്‍ നരെയ്‌നെ ഇന്ത്യന്‍ സന്ദര്‍ശനത്തിനുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്നും ഒഴിവാക്കി. സംശയകരമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ചാമ്പ്യന്‍സ് ലീഗില്‍ ബൗള്‍ ചെയ്യുന്നതില്‍ നിന്നും വിലക്കിയതിന് പിന്നാലെയാണ് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ തീരുമാനം. വിലക്ക് നേരിടുന്ന നരെയ്‌ന് ശനിയാഴ്ചത്തെ ഫൈനലിലും കളിക്കാനാവില്ല.
ബി സി സി ഐ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ സുനില്‍ നരെയ്‌ന് ഇനി കളിക്കാനാവില്ല. രണ്ട് തവണ സംശയകരമായ ബൗളിംഗ് ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്. അന്താരാഷ്ട്ര തലത്തില്‍ പന്തെറിയുന്നതിന് നരെയ്‌ന് വിലക്കില്ല. എന്നാല്‍ നരെയ്‌നെ കളിപ്പിക്കേണ്ട എന്നാണ് തീരുമാനമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പത്രക്കുറിപ്പില്‍ അറിയിച്ചു.

സുനില്‍ നരെയ്‌നോടും സെലക്ഷന്‍ കമ്മിറ്റിയോടും ആലോചിച്ച ശേഷമാണ് വെസ്റ്റ് ഇന്‍ഡീസ് ബോര്‍ഡ് ഈ തീരുമാനം എടുത്തത്. ഒക്ടോബര്‍ എട്ട് മുതല്‍ അഞ്ച് ഏകദിനങ്ങളാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക. ആദ്യ ഏകദിനം കൊച്ചിയിലാണ്. നരെയ്‌ന്റെ ബൗളിംഗ് ആക്ഷനെകുറിച്ച് ഉയര്‍ന്ന വിവാദത്തില്‍ നിരാശയുണ്ടെന്ന് ഇതിഹാസ താരമായ ക്ലൈവ് ലോയ്ഡ് പറഞ്ഞു. വിന്‍ഡീസ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് ലോയ്ഡ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെന്നൈയെ നേരിടാനൊരുങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടിയാണ് സുനില്‍ നരെയ്‌ന്റെ വിലക്ക്. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ നരെയ്‌ന്റെ മികവിലാണ് ഗംഭീറും കൂട്ടരും എതിരാളികളെ പിടിച്ചുകെട്ടുന്നത്. നരെയ്‌ന്റെ അഭാവത്തില്‍ യുവതാരം കുല്‍ദീപ് യാദവ്, പീയൂഷ് ചൗള എന്നിവര്‍ക്കാവും സ്പിന്‍ ബൗളിംഗിന്റെ ചാര്‍ജ്.