നുര്‍ സുല്‍ത്താന്‍: കസാഖ്സ്താനില്‍ ആരംഭിച്ച ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ബജ്രംഗ് പൂണിയയ്ക്ക് ആദ്യ മത്സരത്തില്‍ ജയം. പോളണ്ടിന്റെ ക്രിസ്റ്റോഫ് ബിന്കോവ്സ്കിയെയാണ് ബജ്രംഗ് തോല്‍പ്പിച്ചത്. തുടക്കത്തില്‍ 5-0 എന്ന നിലയില്‍ തുടങ്ങിയ ഇന്ത്യന്‍ താരം 9-2 എന്ന സ്കോറിനാണ് കളി അവസാനിപ്പിച്ചത്. മികച്ച പ്രകടനമാണ് ലോകോത്തര താരമായ ബജ്രംഗ് പുറത്തെടുത്തത്.
രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ബജ്രംഗ് ആദ്യ സ്വര്‍ണമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇതിലൂടെ ടോക്യോ ഒളിമ്പിക്സ് യോഗ്യതയും താരം ലക്ഷ്യമിടുന്നു. 65 കിലോഗ്രാം വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാണ് ബജ്രംഗ്. ഈ വര്‍ഷം നടന്ന നാല് ടൂര്‍ണമെന്റുകളിലും താരം ജേതാവായി. ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ലഭിച്ചാല്‍ അപൂര്‍വ ബഹുമതിയും ബജ്രംഗിനെ തേടിയെത്തും.
ഐഎസ്എല്ലിലേക്ക് ഘാന സൂപ്പര്‍താരം കളിക്കാനെത്തുന്നു; പ്രതീക്ഷയോടെ ആരാധകര്‍
അതേസമയം, വനിതാ വിഭാഗത്തില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്കിന് ആദ്യ റൗണ്ടില്‍ തോല്‍വി പിണഞ്ഞു. 62 കിലോഗ്രാം വിഭാഗത്തില്‍ നൈജീരിയയുടെ അമിനത് അദേനിയിയോട് 7-10 എന്ന സ്കോറിനാണ് സാക്ഷി പരാജയപ്പെട്ടത്. അമിനത് ഫൈനലിലെത്തുകയാണെങ്കില്‍ സാക്ഷിക്ക് വെങ്കല മെഡലിനായി മത്സരിക്കാം. ഇന്ത്യയുടെ മറ്റൊരു താരം ദിവ്യ കക്രനും തോല്‍വി പിണഞ്ഞു. 68 കിലോഗ്രാം വിഭാഗത്തില്‍ 0-2നാണ് ദിവ്യ മുന്‍ ലോക ചാമ്പ്യന്‍ സാറ ദോഷോയോട് തോറ്റത്. സാറ ഫൈനലിലെത്തിയാല്‍ ദിവ്യയ്ക്കും റെപ്പഷാഗെയിലൂടെ വെങ്കലം നേടാന്‍ അവസരമുണ്ട്.