കാണ്‍പൂര്‍: ഗാവസ്കറിന്റെ മകന് രോഹന്, സച്ചിന്റെ മകന് അര്ജുന്, റോജര്‍ ബിന്നിയുടെ മകന് സ്റ്റുവര്‍ട്ട് ബിന്നി, ശ്രീകാന്തിന്റെ മകന് അനിരുദ്ധ് എന്നിവര്‍ക്ക് പിന്നാലെ ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍താര പുത്രന് കൂടി സീരിയസ് ക്രിക്കറ്റിലേക്ക് കടക്കുന്നു. കൈക്കുഴയുടെ മാന്ത്രിക ചലനങ്ങള്‍ കൊണ്ട് ഒരു തലമുറയെ ആരാധകരാക്കിയ സാക്ഷാല്‍ മഹമ്മദ് അസ്ഹറുദ്ദീന്റെ മകന് - മുഹമ്മദ് അസാദുദ്ദീന്‍.
വിജയ് ഹസാരെ ട്രോഫിക്ക് വേണ്ടിയുള്ള ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന ഏകദിന ടീമിലേക്കാണ് അസ്ഹറിന്റെ മകന് അസാസുദ്ദീന്‍ ഇടം നേടിയിരിക്കുന്നത്. അബ്ബാസ് എന്ന പേരിലാണ് അസാസുദ്ദീന്‍ അറിയപ്പെടുന്നത്. കഴിഞ്ഞയാഴ്ച ടീമിന്റെ നെറ്റ് പ്രാക്ടീസിനെത്തിയ അബ്ബാസ് അപ്രതീക്ഷിതമായാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടം കൈയ്യന്‍ ബാറ്റ്സ്മാനായ അബ്ബാസ് നേരത്തെ ഹൈദരാബാദ് അണ്ടര്‍ 22 ടീമില്‍ കളിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് അടക്കമുള്ള ഐ പി എല്‍ ടീമുകളുടെ സെലക്ഷന് ട്രെയല്‍സില്‍ പങ്കെടുത്തെങ്കിലും അബ്ബാസിന് നേട്ടമുണ്ടാക്കാനായില്ല. ഇത്ര പെട്ടെന്ന് അബ്ബാസ് ടീമിലെത്തിയതില്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ താരമായ പീയുഷ് ചൗളയാണ് ഉത്തര്‍ പ്രദേശ് ടീമിന്റെ നായകന്. ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്ന, കുല്‍ദീപ് യാദവ്, ആര് പി സിംഗ്, പ്രവീണ്‍ കുമാര്‍ തുടങ്ങിയ കളിക്കാര്‍ ഉത്തര്‍ പ്രദേശില്‍ നിന്നാണ്.
ഇന്ത്യയുടെ മികച്ച ക്യാപ്റ്റന്മാരില് ഒരാളായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന് കോഴ വിവാദത്തെ തുടര്‍ന്നാണ് ടീമില്‍ നിന്നും പുറത്തായത്. കോഴ വിവാദത്തെ തുടര്‍ന്ന് ആജീവനാന്തം വിലക്കപ്പെട്ട അസ്ഹര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗമായി. സച്ചിന്, ഗാംഗുലി, ദ്രാവിഡ് എന്നിവര്‍ക്കൊപ്പം തൊണ്ണൂറുകളിലെ സ്റ്റാര്‍ ബാറ്റ്്സ്മാനായിരുന്നു അസ്ഹര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്.