ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിവസം മൂന്ന് മെഡലുകള്‍കൂടി നേടി ഇന്ത്യ. 74 കിലോഗ്രാം വിഭാഗത്തില്‍ ജിതേന്ദര്‍ വെള്ളിമെഡലാണ് നേടിയത്. കസാഖ്സ്താന്റെ ഡാനിയര്‍ കൈസാനോവിനോട് ജിതേന്ദര്‍ ഫൈനലില്‍ തോറ്റു. 3-1നാണ് നിലവിലെ ചാമ്പ്യന്റെ ജയം. വെള്ളിമെഡല്‍ നേടിയതോടെ ബിഷ്കെക്കില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് യോഗ്യതാ മത്സരത്തില്‍ പങ്കെടുക്കാന്‍ ജിതേന്ദറിന് കഴിയും.
86 കിലോഗ്രാം വിഭാഗത്തില്‍ ദീപക് പൂണിയയും 61 കിലോഗ്രാം വിഭാഗത്തില്‍ രാഹുല്‍ അവാരെയും വെങ്കലമെഡല്‍കൊണ്ട് തൃപ്തരായി. അതേസമയം, രണ്ടുതവണ ഒളിമ്പിക്സ് മെഡല്‍ നേടിയ ഇന്ത്യയുടെ സുശീല്‍ കുമാര്‍ പരിക്കിനെ തുടര്‍ന്ന് പിന്മാറി. ഇതോടെ സുശീലിന്റെ ഒളിമ്പിക്സ് യോഗ്യതയും അവതാളത്തിലായി. 74 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ജിതേന്ദറിന് യോഗ്യ ലഭിച്ചാല്‍ സുശീല്‍ പുറത്താകും.
അത്ലറ്റിക്കോയ്ക്കും പിഎസ്ജിക്കും ജയം; നെയ്മറിന് ചുവപ്പുകാര്‍ഡ്
ഉസ്ബെക്കിസ്താന്റെ ടറോബോവിനെ ക്വാര്‍ട്ടറില്‍ 11-9 എന്ന സ്കോറില്‍ തോല്‍പ്പിച്ച് എത്തിയ രാഹുലിന് സെമിയില്‍ അമിത ആത്മവിശ്വാസമാണ് വിനയായത്. അവിശ്വസനീയമായ രീതിയില്‍ എതിരാളിക്കെതിരെ പോയന്റ് വഴങ്ങി രാഹുല്‍ തോല്‍ക്കുകയായിരുന്നു. കിര്‍ഗിസ്താന്റെ ഉല്ക്ക്ബെക്ക് ഷോള്ഡോഷ്ബെക്കോവിനോട് 3-5 സ്കോറിനാണ് രാഹുല്‍ സെമിയില്‍ അടിയറവ് പറഞ്ഞത്.