ജക്കാര്‍ത്ത: വര്‍ണാഭമായ കലാപരിപാടികളോടെ 18-ാം ഏഷ്യന്‍ ഗെയിംസിന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ തിരി തെളിഞ്ഞു. ഇന്തോനേഷ്യയുടെ പ്രസിഡന്റ് ജോക്കോ വിഡോഡൊ മുഖ്യാതിഥിയായ ചടങ്ങ് ഇന്തോനേഷ്യയുടെ പരമ്പരാഗത കലാപരിപാടികളാല്‍ തിളക്കമുള്ളതായി. വര്‍ണാഭമായ ചടങ്ങ് ഇന്തോനേഷ്യയുടെ സാംസ്കാരികത്തനിമയും പാരമ്പര്യവും കോര്‍ത്തിണക്കുന്നതായിരുന്നു.
വിവിധ രാജ്യങ്ങളുടെ മാര്‍ച്ചുപാസ്റ്റും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറി. ജാവലിന്‍ത്രോ താരം നീരജ് ചോപ്രയാണ് ഇന്ത്യന്‍ പതാകയേന്തിയത്. കടുംനീല നിറത്തിലുള്ള കോട്ടും സ്യൂട്ടുമണിഞ്ഞ് ഇന്ത്യന്‍ താരങ്ങള്‍ അണിനിരന്നു. ഇന്ത്യയുടെ 572 താരങ്ങളാണ് ഇത്തവണ ഏഷ്യന്‍ ഗെയിംസിനായി എത്തിയിരിക്കുന്നത്.
ആതിഥേയരായ ഇന്തോനേഷ്യയുടെ തൊള്ളായിരത്തോളം കായിക താരങ്ങള്‍ ഗെയിംസില്‍ മാറ്റുരയ്ക്കുന്നുണ്ട്. എണ്ണൂറ്റമ്പതോളം പേരുമായി ചൈനയും ആധിപത്യം ഉറപ്പാക്കും. സപ്തംബര്‍ രണ്ടുവരെ നടക്കുന്ന കായിക മാമാങ്കം ഒളിമ്പിക്സിന് തൊട്ടുപിന്നില്‍ നില്‍ക്കുന്നതാണ്. തലസ്ഥാന നഗരമായ ജക്കാര്‍ത്തയിലും ദക്ഷിണ സുമാത്ര മേഖലയുടെ തലസ്ഥാനമായ പാലെംബാങ്ങിലുമായാണ് വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറുക.