ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസില്‍ നിന്നും ഇന്ത്യന്‍ ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ പിന്മാറി. കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് താരം പിന്മാറിയതോടെ ഇന്ത്യ ടീം ഇനത്തില്‍ ഫൈനലില്‍ മത്സരിക്കില്ല. അതേസമയം, ബീം ഫൈനലില്‍ ദിപ പങ്കെടുക്കുമെന്ന് പരിശീകന് ബിശ്വേശ്വര് നന്തി പറഞ്ഞു.
റിയോ ഒളിമ്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദിപ കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം വിട്ടുനില്‍ക്കുകയായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേട്ടത്തോടെ തിരിച്ചുവരാമെന്ന ദിപയുടെ മോഹം ഇതോടെ അവസാനിച്ചു. പരിക്ക് പൂര്‍ണമായും ഭേദമാകാത്തതാണ് വിനയായത്. പരിക്കുവെച്ച് മത്സരത്തിനിറങ്ങിയാല്‍ അത് ഗുരുതരമാകാന്‍ ഇടയുണ്ടെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നും കോച്ച് വ്യക്തമാക്കി.
പോഡിയം പ്രാക്ടിസിനിടയ്ക്കാണ് ദിപയ്ക്ക് വീണ്ടും പരിക്കേറ്റത്. പരിക്കിലെ നഷ്ടം ബാലന്‍സിങ് ബീമില്‍ തീര്‍ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദിപ. റിയോ ഒളിമ്പിക്സില്‍ നാലാം സ്ഥാനത്തെത്തിയ ദിപയ്ക്ക് നിര്ഭാഗ്യകൊണ്ടുകൂടിയാണ് മെഡല്‍ നഷ്ടമായത്. പൊഡുനോവ ചെയ്യുന്ന ലോകത്തെ അപൂര്‍വം ജിംനാസ്റ്റ് താരമാണ് ദിപ കര്‍മാകര്‍. രണ്ടാഴ്ചത്തെ വിശ്രമം കൊണ്ട് ഇപ്പോഴത്തെ പരിക്കില്‍നിന്നും മുക്തമാകാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.