ചാങ്വോണ്‍: സൗത്ത് കൊറിയയിലെ ചാങ്വോണില്‍ നടന്നുവരുന്ന ഇന്റര്‍നാഷണില്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്റെ(ഐഎസ്എസ്എഫ്) ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. സീനിയര്‍ വിഭാഗത്തില്‍ ഇന്ത്യയുടെ അങ്കുര്‍ മിത്തല്‍ ഡബിള്‍ ട്രാപ്പ് ഇനത്തില്‍ സ്വര്‍ണം നേടി. 150ല്‍ 140ഉം ലക്ഷ്യത്തിലെത്തിച്ചാണ് മിത്തലിന്റെ സ്വര്‍ണനേട്ടം.
ഈ ഇനത്തില്‍ ചൈനയുടെ യിയാങ് യാങ് വെള്ളിയും സ്ലൊവാക്യയുടെ ഹുബര്‍ട്ട് ആന്ദ്രേസജ് വെങ്കലവും നേടി. നേരത്തെ പുരുഷന്മാരുടെ ടീം ഇനത്തിലും മിത്തല്‍ സ്വര്‍ണം നേടിയിരുന്നു. മുഹമ്മദ് അസാബ്, ശാര്‍ദുല്‍ വിഹാര്‍ ടീമിനൊപ്പമായിരുന്നു വെങ്കലം നേടിയത്. അതേസമയം, ഇന്ത്യയുടെ രണ്ടു വനിതാ താരങ്ങള്‍ തങ്ങളുടെ ഇനത്തില്‍ ഫൈനലിലെത്തുന്നതില്‍ പരാജയപ്പെട്ടു.
ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഏഴാംദിനം 20 മെഡലുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ഏഴു സ്വര്‍ണം, ഏഴു വെള്ളി, ആറ് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ മെഡല്‍നില. ജൂനിയര്‍ വിഭാഗത്തില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ വിഭാഗത്തില്‍ ഹരിദയ് ഹസാരിക, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം, പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സൗരഭ് ചൗധരി എന്നിവര്‍ നേരത്തെ സ്വര്‍ണം നേടിയിരുന്നു.