കുവൈത്ത് സിറ്റി: കുവൈത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യന്‍ ഷോട്ട്ഗണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അംഗത് വീര്‍ സിങ് ബജ്വ ലോക റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പുരുഷന്മാരുടെ സ്കീറ്റ് ഇനത്തില്‍ ചൈനയുടെ ഡി ജിന്നിനെയാണ് അംഗത് തോല്‍പ്പിച്ചത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം സ്കീറ്റ് ഇനത്തില്‍ ഏതെങ്കിലും ഒരു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്.
ദീപാവലി രാത്രിയില്‍ ഇന്ത്യയ്ക്ക് വിലയേറിയ സമ്മാനമാണ് അംഗത് നല്‍കിയത്. ഫൈനല്‍ റൗണ്ടിലെ 60ല്‍ 60 ഉം അംഗത് വെടിവെച്ചു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ചൈനീസ് താരം 58 പോയന്റുകള്‍ സ്വന്തമാക്കിയിരുന്നു. 46 പോയന്റുകള്‍ നേടിയ യുഎഇയുടെ സയീദ് അല്‍ മഖ്തൂമിനാണ് വെങ്കലം. ക്വാളിഫൈയിങ് റൗണ്ടില്‍ 125ല്‍ 124 പോയന്റുകളുമായി ഒന്നാമതെത്തിയത് ചൈനീസ് താരമായിരുന്നു. അംഗതിന് 121 പോയന്റുകളാണ് ലഭിച്ചത്.
ഫൈനല്‍ റൗണ്ടില്‍ വ്യത്യസ്തനായൊരു ഇന്ത്യന്‍ താരത്തെയാണ് കണ്ടത്. ചെറിയൊരു പിഴവുപോലുമില്ലാതെ തീര്‍ത്തും പെര്‍ഫെക്ട് ഷോട്ടുകളായിരുന്നു അംഗതിന്റേതെന്നുപറയാം. രാജ്യത്തിനായുള്ള ദീപാവലി സമ്മാനമാണിതെന്ന് ദേശീയ റൈഫിള്‍ അസോസിയേഷന് പ്രസിഡന്റ് രണ്‍വീന്ദര്‍ സിങ് പ്രതികരിച്ചു. വര്‍ഷങ്ങളായുള്ള താരത്തിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. കൂടുതല്‍ മികവുറ്റ മെഡലുകള്‍ അംഗത് ഭാവിയില്‍ സ്വന്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ 10 മീറ്റര്‍ മിക്സഡ് റൈഫിളില്‍ ഇളവെനില്‍ വാളറിവനും ഹൃദ്യ ഹസാരികയും ഇന്ത്യയ്ക്കായി ലോക റെക്കോര്‍ഡോടെ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. ഇന്ത്യയുടെതന്നെ മെഹൂലി ഘോഷ്, അര്ജുന് ബാബുട്ട സഖ്യത്തിനാണ് വെങ്കലമെഡല്‍. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു സ്വര്‍ണവും, മൂന്നു വെള്ളിയും രണ്ട് വെങ്കല മെഡലുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഹിറ്റ്മാന് ഷോയില്‍ കോലി വഴി മാറി, മണ്‍റോയും!! സിക്സറില്‍ മക്കുല്ലത്തെയും കടത്തിവെട്ടി...