കൊച്ചി : എമിലാനോ അല്‍ഫാരോ. ഈ പേരിന് കേരളത്തില്‍ പോലും ആരാധകരുണ്ടായിരുന്നു. അത്രകണ്ട് മികച്ച താരം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മൂന്നാം സീസണിലെ വിജയ ശില്‍പി. ഗോള്‍വേട്ടയില്‍ രണ്ടാമത്. ഈ ഉറുഗ്വെ താരത്തെ ആരാധകര്‍ക്കു പ്രിയപ്പെട്ടവനാക്കുന്നത് ഇതൊക്കെയാണ്.
ഐഎസ്എല്‍ മൂന്നാം സീസണില്‍ ഗോവയ്‌ക്കെതിരെ ഇരട്ടഗോള്‍ നേടിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഈ താരത്തെ ഓര്‍ത്ത് അഭിമാനിച്ചവരും കുറവില്ലായിരുന്നു. എന്നാല്‍ കേരളം ഒറ്റ ശബ്ദത്തില്‍ ഇപ്പോള്‍ വിളിച്ചു പറയുന്നുണ്ട് അല്‍ഫാരോ നിങ്ങളെ ഞങ്ങള്‍ വെറുക്കുന്നു.

കേരളബ്ലാസ്‌റ്റേഴ്‌സിനെതിരായ കൊച്ചിയില്‍ നടന്നകഴിഞ്ഞ മത്സരത്തോടെയാണ് അല്‍ഫാരോ വെറുക്കപ്പെട്ടവനായത്. കേരള താരം സന്ദേശ് ജിംഗന്റെ ഷോര്‍ട്‌സ് വലിച്ചൂരിയതോടെയാണ് അല്‍ഫാരോയുടെ ആരാധകര്‍ പോലും ശത്രുപക്ഷത്താകാന്‍ കാരണമായത്.
മത്സരത്തിന്റെ അറുപതാം മിനിട്ടിലാണ് സംഭവം. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധ താരത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത് ബോക്‌സിന്റെ വലതു വിങിലൂടെ പോസ്റ്റ് ലക്ഷ്യമാക്കി പോവുകയായിരുന്ന അല്‍ഫാരോയെ ജിംഗന്‍ തടഞ്ഞു. ഇരുതാരങ്ങളും കൂട്ടിയിടിച്ച് നിലത്തു വീഴുകയായിരുന്നു. ഇതിനിടെയാണ് അല്‍ഫാരോ ജിംഗന്റെ ഷോര്‍ട്ട്‌സ് വലിച്ചൂരിയത്.
അരിശം തീരാതെ ജിംഗന്റെ കാലില്‍ പിടിച്ച് വലിക്കുകയും ചെയ്തു. ഒടുവില്‍ റഫറി എത്തിയാണ് രംഗം ശാന്തമാക്കിയത്. അല്‍ഫാരോയെ താക്കീത് ചെയ്യുകയായിരുന്നു. എന്നാല്‍ ഇതിനിടെ ഗ്യാലറിയിലുണ്ടായിരുന്ന കാണികള്‍ പൊട്ടിത്തെറിച്ചു.