ചെന്നൈ: പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍താരം മാരിയപ്പന്‍ തങ്കവേലുവിന്റെ നേട്ടം പ്രതിബന്ധങ്ങളോട് പടവെട്ടി. കൂലിപ്പണിക്കാരിയായ അമ്മയുടെ വരുമാനത്തില്‍ ജീവിക്കുന്ന മാരിയപ്പന്റെ കുടുംബം ഒറ്റമുറി വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ്. അതുകൊണ്ടുതന്നെ മാരിയപ്പന്റെ സ്വര്‍ണനേട്ടത്തിന്റെ വജ്രത്തിളക്കമുണ്ട്.
തമിഴ് നാട്ടിലെ സേലം ജില്ലക്കാരനാണ് മാരിയപ്പന്‍. അഞ്ചുവയസുള്ളപ്പോള്‍ ഒരു ബസ് അപകടത്തില്‍ പെട്ട് ഒരു കാല്‍ നല്‍ഷ്ടപ്പെട്ടിരുന്നു. വീടിനടുത്തുവെച്ച് ബസ്സിടിച്ചായിരുന്നു അപകടം. ഈ അപകടത്തിന്റെ നഷ്ടപരിഹാരം ഇപ്പോഴും കുടുംബത്തിന് ലഭിച്ചിട്ടില്ല. അമ്മ സരോജ സൈക്കിളില്‍ പച്ചക്കറിവിറ്റാണ് കുടുംബം പുലര്‍ത്തുന്നത്.

പത്തുവര്‍ഷം മുന്‍പ് മാരിയപ്പെന്റെ കുടുംബത്തെ അച്ഛന്‍ ഉപേക്ഷിക്കുകകൂടി ചെയ്തതോടെ ദാരിദ്രത്തോട് പടവെട്ടിയായിരുന്നു കായിക പരിശീലനം. സ്‌കൂള്‍തലംതൊട്ട് ഒട്ടേറെ മെഡലുകള്‍ മാരിയപ്പന്‍ സ്വന്തമാക്കി. അടുത്തിടെ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ മാരിയപ്പന്‍ ഒരു ജോലിക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസം 100 മുതല്‍ 150 രൂപവരെയാണ് അമ്മയുടെ വരുമാനം. ഒറ്റമുറി വാടകവീടിന് മാസം 500 രൂപ നല്‍കണം. മെഡല്‍ നേട്ടത്തോടെയെങ്കിലും സര്‍ക്കാരിന്റെ കനിവുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് മാരിയപ്പന്റെ കുടുംബം പറയുന്നു. റിയോയില്‍ നടക്കുന്ന പാരലിമ്പിക്‌സ് ഹൈജമ്പില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ രാജ്യത്തിനുവേണ്ടി പുതിയ ചരിത്രമാണ് കുറിച്ചത്. പാരാലിമ്പിക്‌സ് സ്വര്‍ണം നേടുന്ന മൂന്നമത്തെ മാത്രം ഇന്ത്യക്കാരനാണ് ഇരുപത്തിയൊന്നുകാരനായ മാരിയപ്പന്‍ തങ്കവേലു.