ലണ്ടന്‍: തോറ്റ് തോറ്റ് തൊപ്പിയിടുന്ന മുംബൈ ഇന്ത്യന്‍സിന് ആശ്വസിക്കാം. തങ്ങളേക്കാള്‍ മോശമായി ബാറ്റ് ചെയ്യുന്നവരും ലോക ക്രിക്കറ്റിലുണ്ട്. ഇംഗ്ലീഷ് ക്രിക്കറ്റ് ലീഗില്‍ വെറും മൂന്ന് റണ്‍സിന് ഓളൗട്ടായി വിറല്‍ ക്രിക്കറ്റ് ക്ലബ്ബാണ് മുംബൈയ്ക്ക് ആശ്വാസമായിരിക്കുന്നത്. പത്ത് പേര്‍ പൂജ്യത്തിന് പുറത്തായ മത്സരത്തില്‍ ടോപ് സ്‌കോററുടെ സ്‌കോര്‍ എത്രയെന്ന് അറിയണ്ടേ. ഒരു റണ്‍.
പതിനൊന്നാമനായി ഇറങ്ങിയ കോണര്‍ ഹോഡ്‌സനാണ് ഒരു റണ്‍സോടെ ടീമിന്റെ ടോപ് സ്‌കോററായത്. ടീം ടോട്ടലില്‍ ബാക്കിയുള്ള രണ്ട് റണ്‍സ് എക്‌സ്ട്രാ ഇനത്തില്‍ ആണ്. ബാറ്റിംഗ് ഓര്‍ഡറിലെ ആദ്യ പത്ത് സ്ഥാനക്കാരും റണ്ണെടുക്കാന്‍ കൂട്ടാക്കാതെ പവലിയനിലേക്ക് മടങ്ങിയപ്പോഴാണ് ഒരു റണ്‍സെടുത്ത് ഹോഡ്‌സന്‍ വ്യത്യസ്തനായത്.

ജയിക്കാന്‍ 109 റണ്‍സിന്റെ ലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ വിറല്‍ ക്രിക്കറ്റ് ക്ലബ് 105 റണ്‍സിന് തോറ്റു. ഹാസ്ലിംഗ്ടണ്‍ ക്രിക്കറ്റ് ക്ലബാണ് വിറലിനെ വിറപ്പിച്ചുകളഞ്ഞത്. എട്ട് വിക്കറ്റിന് പൂജ്യം എന്ന നിലയിലായിരുന്നു ഒരു സമയത്ത് വിറലിന്റെ നില. പൂജ്യത്തിന് ഓളൗട്ടാകുമോ എന്ന് പോലും പേടിച്ച സമയത്താണ് ടീമിന്റെ രക്ഷകനായി ഹോഡസന്‍ ഒരു റണ്‍സ് എടുത്തത്. രണ്ട് റണ്‍സ് എക്‌സ്ട്രാ ഇനത്തിലും കിട്ടി.
ഒരു റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ബെന്‍ ഇസ്‌റ്റെഡും റണ്‍സൊന്നും കൊടുക്കാതെ നാല് വിക്കറ്റ് വീഴ്ത്തിയ ഗ്ലെഡ്ഹിലുമാണ് ഹാസ്ലിംഗ്ടണിന്റെ സ്വപ്‌ന ബൗളിംഗിന് ചുക്കാന്‍ പിടിച്ചത്. 9.2 ഓവറിലാണ് വിറല്‍ ക്രിക്കറ്റ് ക്ലബ് തോല്‍വി സമ്മതിച്ചത്. ഏഴ് പന്തില്‍ നിന്നും ഒരു റണ്‍സെടുത്ത ഹോഡ്‌സന്‍ പുറത്താകാതെ നിന്നു. 1913 ല്‍ പൂജ്യം റണ്‍സിന് പുറത്തായ ലാഗ്‌പോര്‍ട്ടിന്റെ പേരിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ലീഗിലെ ഏറ്റവും കുറഞ്ഞ സ്‌കോറിനുള്ള റെക്കോര്‍ഡ്.