ബെംഗളുരു: പ്രോ കബഡി ലീഗ് ഏഴാം സീസണ് ബെംഗളുരു ലെഗില്‍ നടന്ന മത്സരത്തില്‍ യുപി യോദ്ധയ്ക്കും ബെംഗളുരു ബുള്‍സിനും ജയം. യുപി യോദ്ധ 41-29 എന്ന വമ്പന്‍ മാര്‍ജിനില്‍ പറ്റ്നയെ മറികടന്നപ്പോള്‍ 40-39 എന്ന സ്കോറിനാണ് ബെംഗളുരുവിന്റെ വിജയം. തുടര്‍ച്ചയായ വിജങ്ങളുമായി ബെംഗളുരു മികച്ച മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ ബെംഗളുരുവിന് കഴിഞ്ഞു.
കളിക്കാരുടെ ഓള്‍റൗണ്ട് മികവിലാണ് യുപി യോദ്ധ ഏകപക്ഷീയമായ വിജയം സ്വന്തമാക്കിയത്. ശ്രീകാന്ത് ജാദവ് 10 പോയന്റുമായി ടോപ് സ്കോററായി. സുരേന്ദ്ര ഗില്‍ 7ഉം നിതേഷ് കുമാര്‍ 5ഉം പോയന്റുമായി മികച്ച പിന്തുണയും നല്കി. നിതേഷിന്റെ ടാക്കിളുകള്‍ പറ്റ്നയുടെ മുന്നേറ്റത്തെ തടഞ്ഞു. പറ്റ്നയ്ക്കായ് പര്‍ദീപ് നര്‍വാള്‍ 14 പോയന്റ് നേടിയെങ്കിലും മറ്റു കളിക്കാര്‍ നിറം മങ്ങിയതോടെ ജയം എത്തിപ്പിടിക്കാനായില്ല.
ആഷസ്: പിടിമുറുക്കി ഓസീസ്, ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ് നഷ്ടം
വീറോടെ പൊരുതിയ തെലുഗ് ടൈറ്റന്‍സിനെതിരെ അവസാന മിനിറ്റുകളിലാണ് ബെംഗളുരു ജയം ഉറപ്പിച്ചത്. 23 പോയന്റുമായി പവന് കുമാര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചപ്പോള്‍ രോഹിത് കുമാര്‍ 5 പോയന്റും സ്വന്തമാക്കി. തെലുഗ് ടൈറ്റന്‍സിനുവേണ്ടി സിദ്ധാര്‍ഥ് ദേശായിയും 23 പോയന്റ് നേടി. മത്സരം അന്തിമ മിനിറ്റുകളിലേക്ക് അടുക്കവെ ടൈറ്റന്‍സ് കുതിപ്പ് നടത്തിയെങ്കിലും ബെഗംളുരു ഒരു പോയന്റ് മാര്‍ജിനില്‍ ജയിച്ചുകയറി.