കൊല്‍ക്കത്ത: പ്രോ കബഡി ലീഗില്‍ യുപി യോദ്ധയ്ക്കും പാറ്റ്ന പൈറേറ്റ്സിനും ജയം. ഇന്നലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ 33-26 എന്ന സ്കോറിനാണ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ യുപി യോദ്ധ തകര്‍ത്തത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടു സ്ഥാനം മെച്ചപ്പെടുത്തി യുപി യോദ്ധ അഞ്ചാമതെത്തി. 14 മത്സരങ്ങളില്‍ നിന്നും ഏഴു ജയം ടീം സ്വന്തമാക്കിയിട്ടുണ്ട്.
രണ്ടാം മത്സരത്തില്‍ റെയ്ഡര്‍ പര്‍ദീപ് നര്‍വാളിന്റെ മിന്നും പ്രകടനം പാറ്റ്ന പൈറേറ്റ്സിന്റെ ജയം എളുപ്പമാക്കി. 51-26 എന്ന നിലയ്ക്കാണ് തമിഴ് തലൈവാസ് പാറ്റ്ന ടീമിന് മുന്നില്‍ മുട്ടുകുത്തിയത്. ഇന്നലത്തെ മത്സരത്തോടെ പ്രോ കബഡി ലീഗ് ചരിത്രത്തില്‍ ആയിരം റെയ്ഡ് പോയിന്റ് പിന്നിടുന്ന ആദ്യം താരം കൂടിയായി പര്‍ദീപ് നര്‍വാള്‍. 26 റെയ്ഡ് പോയിന്റുകളാണ് തമിഴ് തലൈവാസിനെതിരെ താരം നേടിയത്.
ആദ്യ മത്സരത്തില്‍ പ്രതിരോധ നിരയുടെ ഏകോപനം യുപി യോദ്ധയ്ക്ക് തുണയായി. നിതീഷ് കുമാറും (4 ടാക്കിള്‍ പോയിന്റുകള്‍) സുമിതും (ഹൈ 5 ഉള്‍പ്പെടെ 5 ടാക്കിള്‍ പോയിന്റുകള്‍) കളത്തില്‍ നിലയുറപ്പിച്ചതോടെ ഗുജറാത്ത് റെയ്ഡര്‍മാര്‍ പ്രതിസന്ധിയിലാവുകയായിരുന്നു. മറുഭാഗത്ത് ശ്രീകാന്ത് ജാദവും സുരേന്ദര്‍ ഗില്ലും ചേര്‍ന്ന് ഗുജറാത്ത് പാളയത്തില്‍ തുടര്‍ച്ചയായി വിള്ളലുകള്‍ വീഴ്ത്തി. മത്സരത്തില്‍ ഇരു താരങ്ങള്‍ക്കും ആറു റെയ്ഡ് പോയിന്റുകള്‍ വീതമുണ്ട്. കഴിഞ്ഞ സീസണില്‍ രണ്ടാം സ്ഥാനക്കാരായിരുന്നു ഗുജറാത്ത് ജയന്റ്സ്.