ചെന്നൈ: പ്രോ കബഡി ലീഗ് ഏഴാം സീസണില്‍ പറ്റ്ന പൈറേറ്റ്സിനും തമിഴ് തലൈവാസിനും വീണ്ടും തോല്‍വി. പൈറേറ്റ്സ് ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെതിരെ 35-26 എന്ന നിലയില്‍ തോറ്റപ്പോള്‍ തമിഴ് തലൈവാസ് 29-24 എന്ന നിലയില്‍ യു മുംബയോടും തോറ്റു. ചെന്നൈയില്‍ ആരംഭിച്ച ലെഗില്‍ ഒരു മത്സരത്തില്‍പ്പോലും ജയിക്കാന്‍ തലൈവാസിന് കഴിഞ്ഞില്ല.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ ഗുജറാത്തിന് ഇത്തവണ വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പൈറേറ്റ്സിനെതിരായ ജയം ടീമിന് ആശ്വാസമായി. രോഹിത് ഗുലിയ ഗുജറാത്തിനായി 10 പോയന്റ് നേടിയപ്പോള്‍ ജി ബി മോറെ 6 പോയന്റും സ്വന്തമാക്കി. പൈറേറ്റ്സിനുവേണ്ടി പര്‍ദീപ് നര്‍വാള്‍ 9 പോയന്റ് നേടി. ഇസ്മായില്‍ 4 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. അവസാന മിനിറ്റുകളില്‍ ടീം ജയത്തിനായി പരിശ്രമിച്ചെങ്കിലും പിഴവുകള്‍ പൈറേറ്റ്സിന് വിനയായി.
ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാം മെഡലുമായി സിന്ധു ചരിത്രമെഴുതി; പദുക്കോണിന് ശേഷം സായ് പ്രണീതും
സ്വന്തം കാണികള്‍ക്കുമുന്നില്‍ തലൈവാസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞത് മുംബ ടീമിന് നേട്ടമായി. വിജയികള്‍ക്കുവേണ്ടി അതുല്‍ 7 പോയന്റും സന്ദീപ് നര്‍വാള്‍ 5 പോയന്റും സ്വന്തമാക്കി. തലൈവാസിന്റെ സൂപ്പര്‍താരം രാഹുല്‍ ചൗധരി ഒരിക്കല്‍ക്കൂടി നിറംമങ്ങി. രാഹുല്‍ 6 പോയന്റ് മാത്രമാണ് നേടിയത്. അജിത് കുമാര്‍ 5 പോയന്റും നേടി. ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ ടീമിന് കഴിയാത്തതാണ് തോല്‍വിക്ക് കാരണമായത്.