പൂണെ: പ്രോ കബഡി ലീഗ് ഏഴാം സീസണ് പൂണെ ലെഗില്‍ നടന്ന മത്സരത്തില്‍ ബംഗാള്‍ വാരിയേഴ്സിന് ഉജ്വല വിജയം. ഹരിയാണ സ്റ്റീലേഴ്സിനെ 48-36 എന്ന വമ്പന്‍ സ്കോറിനാണ് ബംഗാള്‍ തറപറ്റിച്ചത്. ജയത്തോടെ ബംഗാള്‍ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഹരിയാണ സ്റ്റീലേഴ്സ് മൂന്നാം സ്ഥാനത്താണുള്ളത്. 17 കളികളില്‍ നിന്നും ബംഗാളിന് 63 പോയന്റും ഹരിയാണ 54 പോയന്റും നേടി.
മത്സരത്തിന്റെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ചാണ് ബംഗാള്‍ വിജയം എത്തിപ്പിടിച്ചത്. ബംഗാളിനായി മണീന്ദര്‍ സിങ് 18 പോയന്റുമായി മിന്നുന്ന പ്രകടനം കാഴ്ചവെച്ചു. കെ പ്രപഞ്ചന്‍ 7 പോയന്റും നേടി. ബല്‍ദേവ് സിങ് 6ഉം ഇസ്മായില്‍ 5ഉം പോയന്റും സ്വന്തമാക്കി. ടാക്കിളുകളിലെ മികവാണ് ബംഗാളിന് ജയം അനായാസമാക്കിയത്. ബംഗാള്‍ 11 ടാക്കിള്‍ പോയന്റ് നേടിയപ്പോള്‍ 5 ടാക്കിള്‍ പോയന്റ് മാത്രമാണ് ഹരിയാണയ്ക്ക് നേടാനായത്.
സച്ചിനെ കോലി വീഴ്ത്തും... ഉറപ്പ്, ടെസ്റ്റില്‍ കോലിയേക്കാള്‍ കേമന്‍ ആ താരമെന്ന് പനേസര്‍
തോറ്റെങ്കിലും ഹരിയാണയ്ക്കുവേണ്ടി വിനയ് 14 പോയന്റ് നേടി. വികാസ് കണ്ടോല 9 പോയന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. നവീന്‍ 5 പോയന്റും കണ്ടെത്തി. ബംഗാളിനെതിരെ 2 ഓള്‍ഔട്ട് പോയന്റ് മാത്രമാണ് ഹരിയാണ നേടിയത്. ബംഗാള്‍ 6 പോയന്റ് ഓള്‍ഔട്ടിലൂടെ നേടിയിരുന്നു. ഇരു ടീമുകളും പ്ലേ ഓഫ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ടെങ്കിലും വരും മത്സരങ്ങളിലെ ജയവും നിര്‍ണായകമാകും.