ഹൈദരാബാദ്: പ്രോ കബഡി ലീഗ് ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ യു മുംബ തെലുഗ് ടൈറ്റന്‍സിനെ തോല്‍പ്പിച്ചു. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തില്‍ ബെംഗളുരു ബുള്‍സും ജയം കണ്ടെത്തി. സ്വന്തം തട്ടകത്തില്‍ ആദ്യ മത്സരം കളിക്കാനിറങ്ങിയ തെലുഗ് ടൈറ്റന്‍സ് 25-31 എന്ന നിലയിലാണ് മുംബയോട് കീഴടങ്ങിയത്. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മത്സരത്തില്‍ പറ്റ്ന പൈറേറ്റ്സിനെതിരെ 34-32 എന്ന സ്കോറില്‍ ബെംഗളുരു വിജയം കൊയ്തു.
ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ്: ഇന്റര്‍മിലാനെ വീഴ്ത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
അഭിഷേക് സിങ്ങിന്റെ 10 പോയന്റാണ് യു മുംബക്ക് ജയം അനായാസമാക്കിയത്. രോഹിത് ബലിയന്, സന്ദീപ് നര്‍വാള്‍, ഫസല്‍ എന്നിവര്‍ നാലു വീതം പോയന്റുകളും നേടി. സന്ദീപും ഫസലും മികച്ച ടാക്കിളുകളിലൂടെയാണ് പോയന്റ് സ്വന്തമാക്കിയത്. തെലുഗ് ടൈറ്റന്‍സിനായി രജനീഷ് ദലാല്‍ 8 പോയന്റ് നേടിയപ്പോള്‍ സൂപ്പര്‍താരം സിദ്ധാര്‍ഥ് ദേശായിക്ക് 5 പോയന്റ് മാത്രമേ നേടാനായുള്ളു.
വമ്പന്‍ താരങ്ങള്‍ അണിനിരന്ന മത്സരത്തില്‍ പവന് കുമാറിന്റെ 9 പോയന്റാണ് ബെംഗളുരുവിന് തുണയായത്. അമിത് ഷെറോണ് 5 പോയന്റ് നേടി. സുമിത് സിങ്, ആഷിഷ് കുമാര്‍, മഹേന്ദര്‍ സിങ്, രോഹിത് കുമാര്‍ എന്നിവര്‍ നാലുവീതം പോയന്റും സ്വന്തമാക്കി. പറ്റ്നയ്ക്കുവേണ്ടി പര്‍ദീപ് നര്‍വാള്‍ 10 ഉം മുഹമ്മദ് ഇസ്മയില്‍ 9 ഉം പോയന്റു നേടി. ടാക്കിളുകളില്‍ പിഴച്ചതാണ് പറ്റ്നയുടെ തോല്‍വിക്കിടയാക്കിയത്.