ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ശനിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ പറ്റ്ന പൈറേറ്റ്സിന് വീണ്ടും തോല്‍വി. ഹരിയാണ സ്റ്റീലേഴ്സ് 43-32 എന്ന സ്കോറില്‍ ആധികാരികമായി ജയിച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ യു മുംബ ദബാംഗ് ദില്ലിയെ 38-36 എന്ന സ്കോറിനും തോല്‍പ്പിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു മുംബയുടെ ജയം.
റെയ്ഡുകളില് പോയന്റുകളുകള് വാരിക്കൂട്ടിയ ശ്രീകാന്ത് ജാദവും പ്രശാന്ത് കുമാര്‍ റായിയും ചേര്‍ന്നാണ് മുംബയെ വിജയത്തിലേക്ക് നയിച്ചത്. ശ്രീകാന്ത് 12ഉം പ്രശാന്ത് 11ഉം പോയന്റുകള്‍ സ്വന്തമാക്കി. ദബാംഗ് ദില്ലിക്കുവേണ്ടി നവീന്‍ കുമാര്‍ 13ഉം ചന്ദ്രന് രഞ്ജിത്ത് 10 പോയന്റുകള്‍ നേടി. അവസാന മിനിറ്റുകളില്‍ കളി ആവേശകരമായെങ്കിലും ദില്ലിയുടെ പ്രതിരോധമാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്.
ഹരിയാണ സ്റ്റീലേഴ്സിന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ചാമ്പ്യന്മാരെ അട്ടിമറിക്കാന്‍ പ്രാപ്തരാക്കിയത്. നവീന്‍ ടീമിനായി 12 പോയന്റുകള്‍ നേടിയപ്പോള്‍ വികാഷ് ഖണ്ടോല 10ഉം കുല്‍ദീപ് സിങ് അഞ്ചും പോയന്റുകള്‍ നേടി. പറ്റ്നയ്ക്കുവേണ്ടി ഒരിക്കല്‍ക്കൂടി പര്‍ദീപ് നര്‍വാള്‍ തിളങ്ങി. 14 പോയന്റുകളാണ് പര്‍ദീപിന്റെ സമ്പാദ്യം. വിജയ് ഏഴു പോയന്റുകളുമായി മികച്ച പിന്തുണ നല്കി. അതേസമയം, പ്രതിരോധ താരങ്ങള്‍ക്ക് താളം കണ്ടെത്താന്‍ കഴിയാത്തത് ടീമിന് വിനയായി.