ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ സോണ്‍ എ മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്‌സിനെതിരെ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്‌സിന് ജയം. ഏകപക്ഷീയമായ മത്സരത്തില്‍ 40-21 എന്ന സ്‌കോറിനായിരുന്നു ഗുജറാത്തിന്റെ ജയം. കഴിഞ്ഞദിവസം യു മുംബയെ തോല്‍പ്പിച്ച ഗുജറാത്ത് ഇതോടെ തുടര്‍ച്ചയായ രണ്ടാം ജയമാണ് സ്വന്തമാക്കിയത്.
റെയ്ഡര്‍ സച്ചിന്റെയും പ്രതിരോധനിര താരം പര്‍വേഷ് ബന്‍സ്വാളിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഗുജറാത്തിന്റെ ജയം അനായാസമാക്കിയത്. സച്ചിന്‍ 10 പോയന്റുകള്‍ നേടിയപ്പോള്‍ പര്‍വേഷ് 6 ടാക്കിള്‍ പോയന്റുകളും സ്വന്തമാക്കി. ഇതോടെ സീസണില്‍ 100 പോയന്റുകള്‍ മറികടക്കാനും സച്ചിനു കഴിഞ്ഞു. ഹരിയാണയ്ക്കുവേണ്ടി 10 പോയന്റുകള്‍ നേടിയ മോനു ഗോയാത് ആണ് ടോപ് സ്‌കോറര്‍.

ഗുജറാത്തിനായി മഹേന്ദ്ര ഗണേഷും പ്രപഞ്ചനും അഞ്ചു വീതം പോയന്റുകള്‍ നേടിയിരുന്നു. ഹരിയാണയുടെ വികാസ് കണ്ടോല ആറു പോയന്റുകളും സ്വന്തമാക്കി. ഹരിയാണയ്‌ക്കെതിരെ തുടക്കം മുതല്‍ ലീഡെടുത്ത ഗുജറാത്ത് കളിയുടെ അവസാനം വരെ ലീഡ് നിലനിര്‍ത്തിയാണ് മുന്നേറിയത്. സോണ്‍ എ യില്‍ 14 മത്സരങ്ങളില്‍നിന്നും 58 പോയന്റുകള്‍ നേടിയ ഗുജറാത്ത് ആണ് മുന്നില്‍. ഇത്രയും മത്സരങ്ങളില്‍നിന്നും 26 പോയന്റുകളുമായി ഹരിയാണ് അഞ്ചാം സ്ഥാനത്താണ്.