ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ യു മുംബയ്ക്കും ദബാംഗ് ദില്ലിക്കും വിജയം. യു മുംബ ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സിനെ 36-26 എന്ന സ്കോറിനും ദബാംഗ് ദില്ലി 35-24 എന്ന സ്കോറിന് പൂണേരി പള്ട്ടാനെയും തോല്‍പ്പിച്ചു. സോണ്‍ എ മത്സരത്തില്‍ തുടര്‍ച്ചയായ രണ്ടാം ജയമാണ് മുംബ ആഘോഷിച്ചത്.
മുംബയ്ക്കുവേണ്ടി റെയ്ഡര്മാരും പ്രതിരോധ താരങ്ങളും ഒരുപോലെ മികവുകാട്ടി. സിദ്ധാര്‍ഥ് ദേശായി, രോഹിത് റെയ്ന, രോഹിത് ബലിയന്, ധര്‍മരാജ് എന്നിവര്‍ ആറു പോയന്റുകള്‍വീതം നേടി. ഗുജറാത്തിനായി സച്ചിന് 8 പോയന്റും പ്രപഞ്ചന്‍ നാലു പോയന്റുകളും നേടി. എന്നാല്‍, പ്രതിരോധ താരങ്ങള്‍ മങ്ങിയതോടെ കരുത്തര്‍ക്ക് കളി കൈവിട്ടുപൊകുകയായിരുന്നു.
മുംബയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞതിന് പിന്നാലെയിറങ്ങിയ ദബാംഗ് ദില്ലിക്കുവേണ്ടി മീരജ് ഷെയ്ക്ക് നവീന്‍ കുമാര്‍ എന്നിവര്‍ ഏഴു പോയന്റുകള്‍വീതം നേടി. പൂണേരി പള്‍ട്ടാനുവേണ്ടി ദീപക് കുമാര്‍ ദാഹിയ 10 പോയന്റുകള്‍ നേടിയെങ്കിലും സഹതാരങ്ങളില്‍നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പ്രതിരോധ താരങ്ങള്‍ മികവിലേക്കുയരാത്തതും ടീമിന് തിരിച്ചടിയായി.