ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ വെള്ളിയാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദബാംഗ് ദില്ലി ജയ്പൂര്‍ പിങ്ക് പാന്ഥേഴ്സിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ തമിഴ് തലൈവാസ് പറ്റ്ന പൈറേറ്റ്സ് മത്സരം സമനിലയില്‍ കലാശിച്ചു. ഗംഭീര പ്രകടനം നടത്തിയ ദില്ലി 48-35 എന്ന സ്കോറിനാണ് ജയ്പൂരിനെ തോല്‍പ്പിച്ചത്. തലൈവാസും പൈറേറ്റ്സും 35-35 എന്ന സ്കോറില്‍ സമനിലയില്‍ പിരിഞ്ഞു.
ദില്ലിക്കുവേണ്ടി മീരജ് ഷെയ്ക്ക് 15 പോയന്റുകള്‍ നേടി. നവീന്‍ കുമാര്‍, ചന്ദ്രന് രഞ്ജിത്ത് എന്നിവര്‍ 9 പോയന്റുകള്‍ വീതവും സ്വന്തമാക്കി. ദീപക് ഹൂഡയുടെ 20 പോയന്റ് പ്രകടനമാണ് ജയ്പൂരിന് തോല്‍വിയിലും ആശ്വാസമായത്. 13 റെയ്ഡ് പോയന്റുകളും ഏഴ് ബോണസ് പോയന്റുകളും ദീപക് സ്വന്തമാക്കി. അജിങ്ക്യ പവാര്‍ ആറു പോയന്റുകളും നേടി. മറ്റു താരങ്ങള്‍ക്കൊന്നും നിലവാരത്തിനൊത്ത് ഉയരാനായില്ല.
അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു തലൈവാസ് പൈറേറ്റ്സ് പോരാട്ടം. തലൈവാസിനായി ക്യാപ്റ്റന്‍ അജയ് താക്കൂര്‍ 16 പോയന്റുകള്‍ നേടി. പൈറേറ്റ്സിനായി 11 പോയന്റുകള്‍ നേടിയ പര്‍ദീപ് നര്‍വാളും ഏഴു പോയന്റുകള്‍ നേടിയ മന്‍ജീതും മുന്നിട്ടുനിന്നു. സോണ്‍ ബി യില്‍ 15 കളികളില്‍ നിന്നും 46 പോയന്റോടെ രണ്ടാം സ്ഥാനത്താണ് പൈറേറ്റ്സ്. 16 കളികളില്‍ നിന്നും 33 പോയന്റോടെ തലൈവാസ് നാലാം സ്ഥാനത്താണ്.