ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണിലെ ഇന്റര്‍ സോണ്‍ മത്സരത്തില്‍ ഹരിയാണ സ്റ്റീലേഴ്സ് ബംഗാള്‍ വാരിയേഴ്സിനെയും ദബാംഗ് ദില്ലി ബെംഗളുരു ബുള്‍സിനെയും തോല്‍പ്പിച്ചു. കടുത്ത പോരാട്ടത്തിനൊടുവില്‍ 35-33 എന്ന സ്കോറിനായിരുന്നു ഹരിയാണയുടെ വിജയം. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ബംഗാള്‍ ജയിച്ചിരുന്നു. മറ്റൊരു മത്സരത്തില്‍ 32-31 എന്ന സ്കോറിന് ദില്ലി ബംഗളുരുവിനെയും വീഴ്ത്തി.
ഹരിയാണയ്ക്കുവേണ്ടി മോനു ഗോയാത് 12 പോയന്റുകള്‍ നേടി. വികാസ് കണ്ടോല അഞ്ചു പോയന്റുകളുമായി മികച്ച പിന്തുണ നല്കി. ബംഗാളിനായി മണിന്ദര്‍ സിങ് 11 പോയന്റുകളുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ രവീന്ദ്ര രമേഷ് ഏഴും മഹേഷ് ഗൗഡ് അഞ്ചു പോയന്റുകളുമായി ഒപ്പംനിന്നു. ഇരു ടീമുകളും കളിയുടെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പം നില്ക്കുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മറ്റൊരു മത്സരത്തില്‍ ദബാംഗ് ദില്ലിക്കുവേണ്ടി ചന്ദ്രന് രഞ്ജിത്തും മീരജ് ഷെയ്ക്കും നടത്തിയ റെയ്ഡുകളാണ് കളിയുടെ വഴിത്തിരിവായത്. ചന്ദ്രന് രഞ്ജിത്ത് 9ഉം മീരജ് 7ഉം പോയന്റുകള്‍ നേടി. ബംഗളുരുവിനായി രോഹിത് കുമാര്‍ 12ഉം പവന് കുമാര്‍ 10 പോയന്റുകളുമായി മുന്നില്‍നിന്നും നയിച്ചെങ്കിലും അന്തിമവിജയം എത്തിപ്പിടിക്കാനായില്ല.