ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ പൂണേരി പള്‍ട്ടാനും ദബാംഗ് ദില്ലിക്കും വിജയം. ആദ്യ മത്സരത്തില്‍ ദബാംഗ് ദില്ലി 39-30 എന്ന സ്‌കോറിന് ബംഗാള്‍ വാരിയേഴ്‌സിനെയും, വാശിയേറിയ രണ്ടാം മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ 27-25 എന്ന സ്‌കോറിന് ബെംഗളുരു ബുള്‍സിനെയും പരാജയപ്പെടുത്തി.
സീസണില്‍ മിന്നുന്ന ഫോമിലുള്ള ബംഗാളിന് ദില്ലിക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. നവീന്‍ കുമാര്‍ 11 റെയ്ഡ് പോയന്റ് നേടിയപ്പോള്‍ രവീന്ദര്‍ പഹല്‍ നാല് ടാക്കിള്‍ പോയന്റുകളും നേടി. ബംഗാളിനായി കൊറിയന്‍ താരം ജങ് കുന്‍ ലീ രണ്ടാം പകുതിയില്‍ 10 പോയന്റുമായി തിളങ്ങിയെങ്കിലും പ്രതിരോധം പരാജയമായി. ആദ്യ പകുതിയില്‍ 16-13 എന്ന നിലയില്‍ മുന്നിലായിരുന്ന ദില്ലി രണ്ടാം പകുതിയിലും മികവ് ആവര്‍ത്തിച്ചതോടെ ജയം കൂടെനിന്നു.

മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാനും ബെംഗളുരു ബുള്‍സും ഇഞ്ചോടിഞ്ച് പോരാട്ടാമാണ് കാഴ്ചവെച്ചത്. പൂണേരി പള്‍ട്ടാനുവേണ്ടി അക്ഷയ് ജാദവ് നിര്‍ണായകമായ അഞ്ച് പോയന്റുകള്‍ നേടിയതാണ് കളിയിലെ വഴിത്തിരിവായത്. രണ്ടുതവണ മുഴുവന്‍പേരും പുറത്താകുന്നതില്‍നിന്നും അക്ഷയ് ടീമിനെ രക്ഷിച്ചു. ബംഗളുരുവിനായി കാഷ്‌ലിങ് അകാദെ എട്ടു പോയന്റുകള്‍ നേടി.