ദില്ലി: പ്രോ കബഡി ലീഗിന്റെ ആറാം സീസണില്‍ ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ബെംഗളുരു ബുള്‍സിനും പൂണേരി പള്‍ട്ടാനും വിജയം. നിലവിലെ ചാമ്പ്യന്മാരായ പറ്റ്‌ന പൈറേറ്റ്‌സിനെ 43-41 എന്ന നിലയില്‍ ബെംഗളുരു തോല്‍പ്പിച്ചപ്പോള്‍ മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ ദബാംഗ് ദില്ലിയെ 31-26 എന്ന സ്‌കോറിനും വീഴ്ത്തി. സീസണില്‍ നാലാം വിജയമാണ് ബംഗളുരുവിന്റേത്.

ബെംഗളുരുവിനായി പവന്‍ ഷെരാവത്ത് 14 റെയ്ഡ് പോയന്റുകള്‍ നേടി. പവന്റെ ചില തകര്‍പ്പന്‍ രക്ഷപ്പെടലുകള്‍ക്കും മത്സരം സാക്ഷ്യം വഹിച്ചു. അതിവേഗത്തിലുള്ള താരത്തിന്റെ റെയ്ഡുകള്‍ പൈറേറ്റ്‌സ് നിരയില്‍ ആശയക്കുഴപ്പമുണ്ടാക്കുകയും ചെയ്തു. പൈറേറ്റ്‌സിന്റെ പര്‍ദീപ് നര്‍വാള്‍ ഒരിക്കല്‍ക്കൂടി തിളങ്ങിയതുമില്ല. 10 പോയന്റുകള്‍ നേടിയ മന്‍ജീത് ആണ് പൈറേറ്റ്‌സിന്റെ ടോപ് സ്‌കോറര്‍. ജയത്തോടെ സോണ്‍ ബിയില്‍ ബെംഗളുരു ഒന്നാം സ്ഥാനത്തെത്തി.
മറ്റൊരു മത്സരത്തില്‍ പൂണേരി പള്‍ട്ടാന്‍ ദബാംഗ് ദില്ലിക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സീസണില്‍ ആറാം വിജയം കുറിച്ച പൂണേരിക്കായി ജിബി മോറെ അഞ്ചു പോയന്റുകള്‍ നേടി. സന്ദീപ് നര്‍വാളും റിങ്കു നര്‍വാളും ചേര്‍ന്ന് എട്ടു പോയന്റുകളും സ്വന്തമാക്കി. 7 പോയന്റുകള്‍ നേടിയ നവീന്‍ കുമാര്‍ കുമാര്‍ മാത്രമാണ് ദില്ലിയുടെ നിരയില്‍ തിളങ്ങിയത്. മറ്റു റെയ്ഡര്‍മാര്‍ തുടര്‍ച്ചയായി പിഴവുകള്‍ വരുത്തിയതും ടീമിന് തിരിച്ചടിയായി.