ന്യൂഡൽഹി: പ്രോ കബഡി ലീഗിൽ ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ പുനേരി പൾട്ടനും ബെംഗളൂരു ബുൾസിനും വിജയം. ത്യാഗരാജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച നടന്ന ഡബിൾ ഹെഡർ പോരാട്ടങ്ങളിൽ പുനേരി പൾട്ടൻ ദബാംഗ് ഡൽഹി കെസിയെയും ബെംഗളൂരു ബുൾസ് ബംഗാൾ വാരിയേഴ്‌സിനെയുമാണ് പരാജയപ്പെടുത്തിയത്.
കടുത്ത പോരാട്ടത്തിന് ഒടുവിൽ പുനേരി പൾട്ടൻ 38-38 എന്ന സ്കോറിൽ സമനിലയിലായതിന് ശേഷം നടന്ന ടൈ-ബ്രേക്കറിൽ 6-5 എന്ന സ്കോറിനാണ് ഡൽഹിയെ കീഴടക്കിയത്. ബെംഗളൂരു ബുൾസ് ബംഗാൾ വാരിയേഴ്‌സിനെ 43-32 എന്ന വലിയ വ്യത്യാസത്തിൽ തോൽപിച്ചു. ഈ വിജയത്തോടെ പുനേരി പൾട്ടൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.

ദബാംഗ് ഡൽഹിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ പൻകജ് മോഹിതെ (7 പോയിന്റ്), ക്യാപ്റ്റൻ അസ്ലം ഇനാംദാർ (6 പോയിന്റ്) എന്നിവരുടെ മികവിൽ പുനേരി 14-7 എന്ന നിലയിൽ മുന്നിലെത്തിയിരുന്നു. എന്നാൽ അജിൻക്യ പവാറിന്റെ 'സൂപ്പർ 10'ഉം സൗരഭ് നന്ദലിന്റെ 'ഹൈ ഫൈവും' ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോൾ ഡൽഹി 21-20 എന്ന നേരിയ ലീഡ് നേടി. മൂന്നാം ക്വാർട്ടറിൽ ഡൽഹി ലീഡ് 32-27ലേക്ക് ഉയർത്തിയെങ്കിലും, പുനേരിയുടെ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. മോഹിത് ഗോയത്തിന്റെ അവസാന നിമിഷങ്ങളിലെ മിന്നുന്ന പ്രകടനം, പ്രത്യേകിച്ച് ഫസൽ അട്രാച്ചലിയെയും നന്ദലിനെയും പുറത്താക്കിയത്, സ്കോർ 38-38 എന്ന നിലയിലെത്തിക്കാൻ അവരെ സഹായിച്ചു.
തുടർന്ന് സീസണിലെ പത്താമത്തെ ടൈ-ബ്രേക്കറിനാണ് വേദിയായത്. ഈ നിർണായക പോരാട്ടത്തിൽ ആദിത്യ ഷിൻഡെയും മോഹിത് ഗോയത്തും നിർണായക പോയിന്റുകൾ നേടി. ആവേശം നിറഞ്ഞ മത്സരത്തിൽ പുനേരി പൾട്ടൻ 6-5ന് വിജയം സ്വന്തമാക്കി.
രണ്ടാം മത്സരത്തിൽ ബെംഗളൂരു ബുൾസ് ബംഗാൾ വാരിയേഴ്‌സിനെതിരെ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അലിറെസ മിർസിയാൻ നേടിയ 18 പോയിന്റും ദീപക് ശങ്കറിന്റെ 'ഹൈ ഫൈവും' ബുൾസിന്റെ വിജയത്തിൽ നിർണായകമായി മാറിയിരുന്നു. ആദ്യ പകുതിയിൽ 22-15 എന്ന നിലയിൽ ബുൾസ് മുന്നിട്ടുനിന്ന സാഹചര്യത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും അവരുടെ ചിന്തയിലെ ഇല്ലായിരുന്നു.
വാരിയേഴ്‌സ് ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും അലിറെസയുടെ ഓൾറൗണ്ട് പ്രകടനം ബെംഗളൂരുവിന് 43-32 എന്ന ആധികാരിക വിജയം നേടിക്കൊടുക്കുകയായിരുന്നു. ഈ വിജയത്തോടെ ബുൾസ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. സീസണിൽ തുടർച്ചയായ മൂന്നാം ജയമാണ് ബിസി രമേഷിന്റെ ടീം നേടിയത്.