പ്രോ കബഡി ലീഗ് സീസൺ ആവേശഭരിതമായി മുന്നോട്ട് പോവുകയാണ്. സാധാരണഗതിയിൽ ടൂർണമെന്റ് പകുതി പിന്നിടുമ്പോൾ ഉള്ളതിനേക്കാൾ ഇക്കുറി ആവേശം അധികമാണ്. മുൻനിര ടീമുകൾ എല്ലാം തന്നെ പോയിന്റ് പട്ടികയിൽ ആദ്യമെത്താൻ കഠിന പരിശ്രമത്തിലാണ്. കരുത്തരുടെ പോരാട്ടങ്ങൾക്ക് തന്നെയാണ് ചെന്നൈയിലെ മത്സരങ്ങൾ സാക്ഷ്യം വഹിക്കുന്നത്. ഇപ്പോഴിതാ വിജയത്തിന് പിന്നാലെ ചെന്നൈയിലെ ആരാധകരെ കുറിച്ച് മനസ് തുറക്കുകയാണ് പുനേരി പൾട്ടൻ കോച്ച് അജയ് താക്കൂർ.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ, കാണികളുടെ ആവേശത്തിമിർപ്പിനിടെ പുനേരി പൽട്ടൻ ബംഗാൾ വാരിയേഴ്‌സിനെതിരെ മുന്നേറ്റം നടത്തുകയായിരുന്നു. ആവേശകരമായ മത്സരത്തിനൊടുവിൽ 49-44 എന്ന സ്‌കോറിൽ ആരാധകരെ ആവേശഭരിതരാക്കി കൊണ്ടാണ് സീസണിലെ തങ്ങളുടെ ഏഴാം വിജയം അജയ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ടീം നേടിയത്.

പൾട്ടന്റെ യുവതാരങ്ങളാണ് മികച്ച പ്രകടനം കാഴ്‌ചവെച്ചത്, ആദിത്യ ഷിൻഡെയും (18 പോയിന്റ്) പങ്കജ് മൊഹിതെയും (10 പോയിന്റ്) സൂപ്പർ 10 നേടി. എന്നാൽ തോൽവിയിലും, വാരിയേഴ്‌സിന്റെ ദേവാങ്ക് ദലാൽ 25 പോയിന്റ് നേടി കാണികളുടെ എല്ലാം ശ്രദ്ധ പിടിച്ചുപറ്റി, പികെഎൽ 12ൽ 150 റെയ്‌ഡ് പോയിന്റുകൾ മറികടക്കുന്ന ആദ്യ റൈഡറായി അദ്ദേഹം മാറുകയും ചെയ്‌തു.
കോച്ച് അജയ് താക്കൂറിനെ സംബന്ധിച്ചിടത്തോളം വിജയം എന്നത് കഴിവുകളെ മാത്രമല്ല, പ്രതിരോധശേഷിയെയും ആശ്രയിച്ചുള്ളതായിരുന്നു. 'ആദ്യ പകുതിയിൽ ഞങ്ങൾ അൽപ്പം ബുദ്ധിമുട്ടി, പക്ഷേ രണ്ടാം പകുതിയിൽ ആദിത്യയും അസ്ലമും നിർണായകമായ ടാക്കിളുകൾക്കായി സംയോജിപ്പിച്ച രീതി എല്ലാം മാറ്റിമറിച്ചു. അതായിരുന്നു ഞങ്ങൾക്ക് നിർണായക നിമിഷം' സമ്മർദ്ദത്തിനിടയിലും തന്റെ യുവതാരങ്ങളുടെ ശാന്തതയെ പ്രശംസിച്ചുകൊണ്ട് അജയ് താക്കൂർ പറഞ്ഞു.
തമിഴ്‌നാട്ടിൽ കളിക്കുന്ന കാലം മുതൽ ആഴത്തിലുള്ള ബന്ധമുള്ള അജയ് താക്കൂർ ആ വികാരത്തെ വാക്കുകളിലൂടെ വെളിപ്പെടുത്തി. 'എന്റെ കരിയറിന്റെ തുടക്കത്തിൽ ഇവിടെ കളിച്ചപ്പോൾ, ആരാധകരിൽ നിന്നുള്ള യഥാർത്ഥ സ്നേഹം എന്താണെന്ന് ഞാൻ മനസിലാക്കി. ഇന്നും, ആൾക്കൂട്ടം നിങ്ങളുടെ പേര് വിളിച്ചു പറയുമ്പോഴും ബാനറുകളിൽ അത് വരയ്ക്കുമ്പോഴും, അത് കളിക്കാർക്ക് വളരെയധികം പ്രചോദനം നൽകുന്നു. ആ ഊർജ്ജം സമാനതകളില്ലാത്തതാണ്' അജയ് താക്കൂർ പറഞ്ഞു.
പുനേരി പൽത്താന് വേണ്ടി ഈ സീസണിൽ ആദിത്യ ഷിൻഡെയുടെ പ്രകടനത്തെ കോച്ച് എടുത്തുപറഞ്ഞു, 'ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിൽ പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിവുള്ള ഒരു സ്‌മാർട്ട് റൈഡർ" എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. 'ഈ ലീഗിൽ ഒരു സ്‌റ്റാർ കളിക്കാരനാകാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് അദ്ദേഹത്തിന്റെ ശാന്തതയും അച്ചടക്കവുമാണ്' അദ്ദേഹം പറയുന്നു.