പാറ്റ്‌നയുടെ ചിറകരിഞ്ഞ് ഗുജറാത്തിന്റെ ഏകപക്ഷീയ വിജയം; തമിഴ് തലൈവാസിനെ വീഴ്ത്തി യുപി യോദ്ധാസ്
ന്യൂഡൽഹി: പ്രോ കബഡി ലീഗ് (പികെഎൽ) സീസൺ പുരോഗമിക്കവേ ഇന്നലെ നടന്ന മത്സരങ്ങളിൽ ഗുജറാത്ത് ജയന്റ്‌സും യുപി യോദ്ധാസിനും ത്രസിപ്പിക്കുന്ന വിജയം. ഡൽഹിയിലെ ത്യാഗരാജ് ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഇരട്ട മത്സരങ്ങൾ കാണികൾക്ക് അവിസ്‌മരണീയമായ അനുഭവമാണ് സമ്മാനിച്ചത്. ഗുജറാത്ത് ജയന്റ്‌സ് പട്‌ന പൈറേറ്റ്സിനെ 40-32 എന്ന സ്കോറിന് കീഴടക്കിയപ്പോൾ, യുപി യോദ്ധാസ് തമിഴ് തലൈവാസിനെ 32-31 എന്ന സ്കോറിന് അവസാന നിമിഷം പരാജയപ്പെടുത്തി.
പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തിക്കൊണ്ട് ഗുജറാത്ത് ജയന്റ്‌സ് തങ്ങളുടെ ആദ്യ മത്സരത്തിൽ ശക്തമായ പ്രകടനമാണ് കാഴ്‌ചവെച്ചത്. മുഹമ്മദ്‌റേസ ഷാഡ്‌ലൂയിയും ഹിമാൻഷു സിംഗും ചേർന്നാണ് ടീമിന് വിജയം നേടിക്കൊടുത്തത്. പ്രതിരോധത്തിലും ആക്രമണത്തിലും ഷാഡ്‌ലൂയി മികച്ചുനിന്നു. ഹിമാൻഷുവിന്റെ 'സൂപ്പർ 10' ഗുജറാത്തിന് നിർണായകമാവുകയും ചെയ്‌തു.

ഷാഡ്‌ലൂയുടെ ആദ്യ സ്കോറോടെ ഗുജറാത്ത് മുന്നിട്ട് നിന്നു. പിന്നാലെ രാകേഷ് സുൻഗ്രോയയുടെ രണ്ട് പോയിന്റ് റെയ്‌ഡ് ടീമിന് ആത്മവിശ്വാസം നൽകുകയും ചെയ്‌തു. മൻദീപ് കുമാറിന്റെ 'സൂപ്പർ റെയ്‌ഡി'ലൂടെ പട്‌ന തിരിച്ചുവരവിന് ശ്രമിക്കുകയും പിന്നാലെ മൻദീപ് തന്റെ 'സൂപ്പർ 10' പൂർത്തിയാക്കുകയും ചെയ്തെങ്കിലും ലക്കി ശർമ്മയുടെയും നിതിൻ പൻവാറിന്റെയും മികച്ച ടാക്കിളുകളിലൂടെ ഗുജറാത്ത് ലീഡ് നിലനിർത്തി.
രണ്ടാം ക്വാർട്ടറിൽ പട്‌നയെ 'ഓൾ ഔട്ട്' ആക്കിയ ഗുജറാത്ത് അഞ്ച് പോയിന്റിന്റെ ലീഡോടെ ഇടവേളയ്ക്ക് പിരിഞ്ഞു. മൻദീപിന്റെയും അങ്കിത് ജഗ്ലന്റെയും 'സൂപ്പർ ടാക്കിളി'ലൂടെ പട്‌ന തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും, അവസാന നിമിഷങ്ങളിൽ ഷാഡ്‌ലൂയിയുടെ തകർപ്പൻ രണ്ട് പോയിന്റ് റെയ്‌ഡ് ഗുജറാത്തിന് വിജയം ഉറപ്പിച്ചു. നാല് കളികളിൽ ഗുജറാത്തിന്റെ മൂന്നാം വിജയം കൂടിയാണിത്.
രണ്ടാം മത്സരത്തിൽ, തമിഴ് തലൈവാസിനെതിരെ യുപി യോദ്ധാസ് 32-31 എന്ന സ്കോറിന് ആവേശകരമായ വിജയം നേടി. ഗുമാൻ സിംഗിന്റെയും ഗഗൻ ഗൗഡയുടെയും പ്രകടനമാണ് യുപിക്ക് കരുത്തായത്. അർജുൻ ദേശ്വാളിന്റെ റെയ്‌ഡിഗിലൂടെയും സാഗർ രതീയുടെ പ്രതിരോധത്തിലെ 'ഹൈ ഫൈവി'ലൂടെയും തലൈവാസ് മികച്ച തുടക്കം നേടി. ആദ്യ പകുതിയിൽ 17-14ന് അവർ മുന്നിട്ട് നിന്നിരുന്നു.
എന്നാൽ, രണ്ടാം പകുതിയിൽ യുപി യോദ്ധാസ് ശക്തമായി തിരിച്ചെത്തി. ഡിഫൻഡർ ഹിതേഷിന്റെ മികച്ച ടാക്കിളുകൾ യുപിക്ക് ഹൈ ഫൈവ് നേടിക്കൊടുത്തു. ഗുമാൻ സിംഗ് തകർപ്പൻ റെയ്‌ഡുകളിലൂടെ പോയിന്റുകൾ നേടി. എങ്കിലും നരേന്ദർ കണ്ടോളയുടെയും മോയിൻ ഷഫാഗിയുടെയും അവസാന ശ്രമങ്ങൾ തലൈവാസിന് വിജയം നേടി കൊടുക്കാൻ മാത്രം പര്യാപ്‌തമായിരുന്നില്ല.
ഈ വിജയത്തോടെ യുപി യോദ്ധാസ് പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുകയാണ്. മാത്രമല്ല മറുവശത്ത് ഗുജറാത്ത് ജയന്റ്‌സ് പ്ലേഓഫ് സ്ഥാനത്തേക്കുള്ള കുതിപ്പ് തുടരുകയാണ്. നിർണായക സമയങ്ങളിൽ ഇരുടീമുകളും തങ്ങളുടെ മികച്ച ഫോം കണ്ടെത്തുന്നത് ആരാധകരെ ആവേശത്തിൽ എത്തിക്കുകയും തുടർ പ്രതീക്ഷകൾ വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications