ലുധിയാന: പാകിസ്താനെ 48-39 എന്ന സ്കോറില്‍ തോല്‍പ്പിച്ച് നാലാമത് ലോകകബഡി ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ കിരീടം നേടി. ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തില്‍ ഇരു ടീമുകളും വാശിയേറിയ പോരാട്ടമാണ് കാഴ്ചവെച്ചത്.
രണ്ടു ടീമുകളും തോല്‍വിയറിയാതെയാണ് കലാശപ്പോരാട്ടത്തിനെത്തിയത്. ഗ്രൂപ്പ് ബിയില്‍ കളിച്ച ഇന്ത്യ, കാനഡ, സ്കോട്ട്ലാന്‍ഡ്, ഇംഗ്ലണ്ട്, ഡെന്മാര്ക്ക് തുടങ്ങിയ രാജ്യങ്ങളെ തോല്‍പ്പിച്ചിരുന്നു.
ന്യൂസിലാന്‍ഡിനെ 49-21 എന്ന സ്കോറില്‍ കീഴടക്കിയ ഇന്ത്യയ്ക്ക് തന്നെയാണ് വനിതാ വിഭാഗത്തിലെയും കിരീടം. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യന്‍ വനിതാ ടീം കിരീടം ചൂടിയത്. സെമിഫൈനലില്‍ ഇന്ത്യയുടെ എതിരാളി പാകിസ്താനും ന്യൂസിലാന്‍ഡിന്റെ എതിരാളി ഡെന്മാര്ക്കുമായിരുന്നു.
സമ്മാനത്തുക കൊണ്ട് ഇത്തവണത്തെ ലോകകപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒന്നാം സമ്മാനം ലഭിച്ച രാജ്യത്തിന് ഒരു കോടി രൂപയാണ് സമ്മാനമായി ലഭിച്ചത്. വനിതാ മത്സരം ജലന്ധറിലെ ഗുരു ഗോവിന്ദ് സിങ് സ്പോര്‍ട്സ് കോംപ്ലക്സിലാണ് നടന്നത്.