ഇന്ത്യന്‍ ഹോക്കിയിലെ രണ്ട് ഇതിഹാസങ്ങള്‍ ഈ വര്‍ഷം വിരമിച്ചു. രാജ്യത്തിന്റെ കായിക ചരിത്രത്തില്‍, നേട്ടങ്ങളുടെ പട്ടികയില്‍ മറ്റൊരാള്‍ക്കും പകരം വെക്കാന്‍ കഴിയാത്ത രണ്ട് താരങ്ങള്‍. പിആര്‍ ശ്രീജേഷും റാണി രാംപാലും. രാജ്യത്തിന്റെ ദേശീയ കായിക വിനോദത്തിനോടുള്ള പ്രിയം കൊണ്ട് മൈതാനത്തിറങ്ങി കഠിനാധ്വാനം ചെയ്ത് രാജ്യത്തിന്റെ അഭിമാനം അന്താരാഷ്ട്ര് വേദികളില്‍ ഉയര്‍ത്തി പിടിച്ച രണ്ട് താരങ്ങള്‍.
World Games Athlete of the Year പുരസ്‌കാരം നേടിയ രണ്ടേ രണ്ട് ഇന്ത്യക്കാര്‍. 2024ല്‍ മൈതാനത്ത് നിന്ന് പരിശീലക വേഷത്തിലേക്ക് മാറിയിരിക്കുകയാണ് ശ്രീജേഷും റാണിയും. നേട്ടങ്ങളുടെ തിളക്കം അവരുടെ മാറ്റത്തിന് എന്നും എക്കാലവും മിന്നുന്ന അകമ്പടിയാകുന്നു. പാഠം പറഞ്ഞു കൊടുക്കുന്ന പുതിയ പ്രതീക്ഷകള്‍ക്ക് ആവേശമാകുന്നു.
ദാരിദ്ര്യത്തോടു പട പൊരുതിയ റാണി
ഹരിയാനയിലെ ഷഹബാദ് മര്‍ക്കണ്ഡ എന്ന കൊച്ചു ഗ്രാമത്തില്‍ കടുത്ത ദാരിദ്യം മേല്‍ക്കൂര വിരിച്ച കുടിലില്‍ നിന്നാണ് ഇന്ത്യന്‍ വനിതാ ഹോക്കിയുടെ കിരീടം വെക്കാത്ത രാജ്ഞിയായി റാണി വളര്‍ന്നത്. കൈവണ്ടി വലിക്കുന്ന അച്ഛന്റെയും വീട്ടു ജോലിക്ക് പോയ അമ്മയുടെയും അവസ്ഥ റാണിക്ക് അറിയാമായിരുന്നു. മൂന്ന് നേരം ഭക്ഷണം കഴിക്കാന്‍ കിട്ടിയാല്‍ തന്നെ വലിയ കാര്യം.

മകള്‍ക്ക് നല്ല ഭക്ഷണം കൊടുക്കാന്‍ കഴിയുമോ എന്ന് ആശങ്കപ്പെട്ടിരുന്ന അവര്‍ക്ക് മകള്‍ സ്വപ്‌നം കണ്ട ഹോക്കിക്ക് വിടുന്ന കാര്യം ആലോചിക്കാന്‍ തന്നെ പ്രയാസമായിരുന്നു. ഇതാണ് തന്റെ വഴിയെന്നും ആ പാതയിലൂടെ പോയി വീട്ടിലെ ദാരിദ്ര്യം മാറ്റുമെന്നും കുഞ്ഞുറാണി അച്ഛനെയും അമ്മയെയും പറഞ്ഞു ബോധിപ്പിച്ചു.
മകളുടെ വാശിയും മോഹവും പിന്നെ പകരം മറ്റൊന്നും നിര്‍ദേശിക്കാന്‍ കഴിയാത്ത ദുരവസ്ഥയും ആ അച്ഛനെയും അമ്മയെയും ദുര്‍ബലപ്പെടുത്തി. അവരുടെ സമ്മതം മൂളലാണ് പിന്നെ മൈതാനങ്ങളില്‍ മുഴങ്ങിയ കയ്യടികളിലേക്കും പുരസ്‌കാര നേട്ടങ്ങളിലേക്കുമുള്ള റാണിയുടെ സ്റ്റാര്‍ട്ടിങ് വിസിലായത്.
എവിടെ നിന്ന് വരുന്നു എന്ന കാര്യവും എന്താണ് വേണ്ടതെന്ന കാര്യവും റാണിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതിനൊപ്പം ഹോക്കിയോടുള്ള ഇഷ്ടവും കൂടിയായപ്പോള്‍ റാണി ഉഷാറായി. അസ്സലായി കളിച്ചു. അതു കൊണ്ടു തന്നെ സബ് ജൂനിയര്‍ താരത്തില്‍ നിന്ന് അന്താരാഷ്ട്ര മത്സര വേദികളിലേക്കുള്ള പാഞ്ഞുകയറല്‍ വേഗത്തിലായിരുന്നു.
14ാം വയസ്സില്‍ ഇന്ത്യന്‍ കുപ്പായം
2009ല്‍ ഇന്ത്യയുടെ ജഴ്‌സി അണിയുമ്പോള്‍ റാണിക്ക് പ്രായം വെറും 14 മാത്രം. തൊട്ടടുത്ത വര്‍ഷം അര്‍ജന്റീനയിലെ ലോകകപ്പ് വേദിയില്‍ റാണി ഏറ്റവും മികച്ച രണ്ടാമത്തെ ഗോള്‍വേട്ടക്കാരിയായി. ആറ് കളികളിലായി റാണി ഇന്ത്യക്കായി നേടിയത് ഏഴ് ഗോള്‍. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രായം കുറഞ്ഞ താരമായി അംഗീകരിക്കപ്പെട്ടാണ് റാണി മടങ്ങിയത്.
1980ന് ശേഷം ആദ്യമായി ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ വനിതാ ഹോക്കി താരങ്ങള്‍ കളിക്കാനിറങ്ങിയത് റാണിയുടെ മികവിലായിരുന്നു. യോഗ്യതാ മത്സരങ്ങളില്‍ ഇന്ത്യക്ക് മുന്നേറ്റം സമ്മാനിച്ചത് റാണിയായിരുന്നു. തൊട്ടടുത്ത ഒളിമ്പിക്‌സില്‍ ടോക്കിയോവില്‍ ടീമിനെ നയിച്ചത് റാണി. മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് എത്തിച്ചാണ് അന്ന് റാണി ചരിത്രത്തില്‍ പേരെഴുതി ചേര്‍ത്തത്.
ഏഷ്യയിലെ വിവിധ അന്താരാഷ്ട്ര മത്സര വേദികളിലും റാണി ഇന്ത്യക്കായി മിന്നിച്ചു. ലോക റാങ്കിങ്ങില്‍ ഇന്ത്യ ആദ്യ പത്തിലെത്തിയതും ആ സ്റ്റിക്കിന്റെ ബലത്തിലാണ്. 254 മത്സരങ്ങളില്‍ നിന്നായി നേടിയത് 205 ഗോളുകള്‍. ഫോര്‍വേഡായി മാത്രമല്ല മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനഞ്ഞും മിന്നിച്ചു. കൂട്ടത്തിലുള്ളവര്‍ക്ക് മികച്ച കൂട്ടുകാരിയും വഴികാട്ടിയുമായി.
വില്ലനായി പരിക്ക്
പരിക്കുകള്‍ കാരണം ടോക്കിയോ ഒളിമ്പിക്‌സിന് ശേഷം റാണിക്ക് കാര്യമായി കളിക്കാനായില്ല. ലോകകപ്പും കോമണ്‍വെല്‍ത്തും റാണിയില്ലാതെയാണ് ഇന്ത്യ കളിച്ചത്. ദക്ഷിണാഫ്രിക്കക്ക് എതിരായ പരമ്പരയായിരുന്നു റാണി ഇന്ത്യന്‍ ജഴ്‌സിയിട്ട അവസാന അന്താരാഷ്ട്ര മത്സരം.
പുതിയ കോച്ച് സ്‌കോപ്മാന് റാണിയുടെ ഫിറ്റ്‌നസില്‍ സംശയമുണ്ടായിരുന്നു. ദേശീയ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ചിട്ടും റാണി തഴയപ്പെട്ടു. ഒടുവില്‍ മാസങ്ങള്‍ക്കിപ്പുറം 2024 ഒക്ടോബറില്‍ റാണി വിരമിക്കല്‍ പ്രഖ്യാപിച്ചു. 16 വര്‍ഷത്തിന് ശേഷം ഇരുപത്തിയൊമ്പതാം വയസ്സില്‍.
വിഖ്യാത ഹോക്കി കോച്ചായിരുന്ന ബല്‍ദേവ് സിങ് ആദ്യം റാണിയെ കുറിച്ച് കരുതിയത്, ഹോക്കി സ്റ്റിക്കേന്താന്‍ പോലും ത്രാണിയില്ലാത്തവളെന്ന്. പിന്നെ പറഞ്ഞു കൊടുത്തതിനുമപ്പുറം റാണി കളിച്ച് മുന്നേറുന്നത് കണ്ടപ്പോള്‍ ആ ഗുരുനാഥന്‍ ഇങ്ങനെ തിരുത്തി. വിജയിക്കാനുള്ള ശക്തമായ ആവേശം നയിക്കുന്നതു കൊണ്ടാണ് റാണി എപ്പോഴും റാണിയാകുന്നതെന്ന് . ആ മത്സരവീര്യം ഖേല്‍രത്‌നയും പദ്മശ്രീയും ഉള്‍പെടെയുള്ള പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചത് വെറുതെയല്ല.
മലയാളികളുടെ സ്വകാര്യ അഹങ്കാരം
കിഴക്കമ്പലത്ത് നിന്ന് ഹോക്കി ജഴ്‌സിയണിഞ്ഞെത്തി ഇന്ത്യയുടെ ഗോള്‍വലകള്‍ കാത്ത് വിശ്വവേദികളില്‍ രാജ്യപതാക വീശിയ പി ആര്‍ ശ്രീജേഷിന്റെ കഥയും ഇതിനു സമാനമാണ്. ഇന്ത്യന്‍ ഹോക്കിയുടെ ശ്രീയായിരുന്നു ശ്രീജേഷ്. പകരം വെക്കാനാളില്ലാത്ത കാവലാള്‍. രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍ അവകാശപ്പെടാന്‍ കഴിയുന്ന ഏക കേരളീയന്‍.

ചാട്ടം , വോളിബോള്‍ അങ്ങനെ പലത് പരീക്ഷിച്ച് ഹോക്കിയില്‍ ചുവടുറപ്പിച്ച ആളാണ് ശ്രീജേഷ്. സ്ഥിരോത്സാഹി, കഠിനാധ്വാനി. ജൂനിയര്‍ മത്സര വേദികളില്‍ നിന്ന് സീനിയര്‍ മത്സരങ്ങളിലേക്ക് വേഗമെത്തി. ഇന്ത്യന്‍ ജഴ്‌സിയിലെ തുടക്കം അത്ര ഗംഭീരമായിരുന്നില്ല. പൊതുവെ നന്നായി ഗോള്‍വല കാത്തെങ്കിലും ചിരവൈരികളായ പാകിസ്ഥാനോട് തോല്‍ക്കാനിടയാക്കിയ ഒരു മിസ്. 2006ലെ സൗത്ത് ഏഷ്യന്‍ ഗെയിംസിലെ ആ ഒരു പിഴവിന് ശ്രീജേഷ് ഏറെ പഴി കേട്ടു.
പിഴവില്‍ നിന്നും വിമര്‍ശനങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ടും ആത്മവിശ്വാസം നഷ്ടപ്പെടാതെയും ശ്രീജേഷ് തുടര്‍ന്നു. 2011ലെ ചാമ്പ്യന്‍സ് ട്രോഫി കലാശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ നേടിയ ജയം ശ്രീജേഷിനും ടീമിനാകെയും ഉണര്‍ത്തുപാട്ടായി. ശ്രീയുടെ രണ്ട് മികച്ച സേവുകളായിരുന്നു വിജയത്തില്‍ നിര്‍ണായകമായത്.
ഏഷ്യന്‍ ഗെയിംസില്‍ ഹീറോ
16 വര്‍ഷത്തിന് ശേഷം ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം 2014ല്‍ ഇന്ത്യ നേടിയതും പാകിസ്ഥാനെ തോല്‍പിച്ചായിരുന്നു. അതും ശ്രീജേഷിന്റെ സേവുകളുടെ പിന്‍ബലത്തില്‍. ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ വന്‍മതിലാകുന്നതും ചരിത്രപുസ്തകത്തില്‍ ഇടം നേടുന്നതും തൊട്ടടുത്ത വര്‍ഷമാണ്. ഹോക്കി വേള്‍ഡ് ലീഗ് ടൂര്‍ണമെന്റില്‍ വെങ്കല മെഡലിനായുള്ള മത്സരം. ഹോളണ്ടിനെ തോല്‍പിച്ച് ഇന്ത്യ അന്താരാഷ്ട്ര മത്സരവേദികളിലെ മെഡല്‍ കാത്തിരിപ്പ് അവസാനിപ്പിച്ചു.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗോള്‍വല കാത്ത് എതിര്‍ കളിക്കാരുടെ ഷോട്ടുകള്‍ തട്ടിയകറ്റിയ ശ്രീജേഷ് നിന്നത് പരിക്കുകളാല്‍ വലഞ്ഞ്, ശരീരമാസകലം പ്ലാസ്റ്ററുകളും ഐസ്പാക്കുകളുമായി. വേദന കടിച്ചമര്‍ത്തി നിന്ന് ശ്രീ ലക്ഷ്യം നേടി. ഇന്ത്യന്‍ ടീമിന് പുത്തനുണര്‍വ് നല്‍കി. ശ്രീജേഷ് ഇന്ത്യയുടെ ശ്രീയായി. വേദനയോട് പടവെട്ടി നിന്ന് ഗോള്‍വല കാത്ത ശ്രീ സ്ഥിരോത്സാഹത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ലക്ഷ്യബോധ്യത്തിന്റെയും പോസ്റ്റര്‍ ബോയ് ആയി.
പരിക്കുകള്‍ പിന്നെയും ശ്രീയെ വലച്ചു. പക്ഷേ വീണുപോയില്ല. പട വെട്ടി തിരിച്ചു വന്നു. പുതിയ ഗോള്‍കീപ്പര്‍മാര്‍ വന്നതോ, പലരും സംശയമുയര്‍ത്തിയതോ ബാധിച്ചില്ല. കഠിനാധ്വാനം തുടര്‍ന്നു. ഒടുവില്‍ 41 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യയുടെ ഹോക്കി ടീം ഒളിമ്പിക്‌സ് വേദിയില്‍ മെഡല്‍ നേടുമ്പോള്‍ അതിന് കാരണഭൂതനായി.
ടോക്കിയോവില്‍ നേടിയ വെങ്കലം പാരീസില്‍ സ്വര്‍ണമാക്കാന്‍ പറ്റിയില്ലെങ്കിലും നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിഞ്ഞതിനും കാരണവും ശ്രീജേഷ് തന്നെ. വിവിധ മത്സരങ്ങളിലായി എതിര്‍ ടീമുകളുടെ, പെനല്‍റ്റി ഉള്‍പെടെ ഗോളുകളെന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് ശ്രീ തട്ടിയിട്ടത്. പ്രിയപ്പെട്ട കൂട്ടുകാരന് ഒരു മെഡലുമായി വേണം യാത്രയയപ്പ് നല്‍കാനെന്നുറച്ച് ടീം ഇന്ത്യയും ഒപ്പം നിന്നു.
ഹോക്കി കിറ്റിനായി പാല്‍ വിറ്റു!!
ഹോക്കി കിറ്റു വാങ്ങാന്‍ പണം തികയാതെ വന്നപ്പോള്‍ പശുവിനെ വിറ്റിട്ടുണ്ട് ശ്രീജേഷിന്റെ അച്ഛന്‍ രവീന്ദ്രന്‍. അതിന്റെ ആവശ്യമുണ്ടോ എന്ന് ചോദിക്കാതെ ഒപ്പം നിന്നു അമ്മ ഉഷ. പിന്നെ നല്ല പാതിയായി കൂടെ കൂടിയ അനീഷ്യയും ശ്രീജേഷിന്റെ ഹോക്കി യാത്രകളുടെ താളം തെറ്റാതെ നോക്കി.
മത്സരവേദികള്‍ തന്ന പണം സൂക്ഷിച്ചുപയോഗിച്ച് അവരുടെ ജീവിതം സുരക്ഷിതമാക്കിയും കിട്ടുന്ന നേരമത്രയും വീട്ടിലെത്തിയും ഹോക്കി പ്രയാണങ്ങളുടെ ദൈര്‍ഘ്യം കുടുംബത്തിന്റെ സ്‌നേഹത്തണലിന് വാട്ടം വരുത്താതെ ശ്രീയും നോക്കി. വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രിയങ്കരന്‍ കേരളത്തിന്റെയാകെ പ്രിയപ്പെട്ടവനായി.
സ്വന്തമാക്കിയ നേട്ടങ്ങള്‍ തലക്കനമായില്ല. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് മാറിനില്‍ക്കാനുള്ള ഗമയുമായില്ല. മറ്റൊരാള്‍ക്ക് പ്രേരണയും ചാലകശക്തിയും ആയി മാറണമെന്ന് മാത്രം ആഗ്രഹിച്ചു. ഇപ്പോള്‍ കൃഷ്ണന്‍ പാഥകിലേക്ക് ഗോള്‍വല സൂക്ഷിപ്പ് കൈമാറി ഭാവി തലമുറയെ വാര്‍ത്തെടുക്കാനുള്ള ദൗത്യത്തിലാണ് ശ്രീജേഷ്.
ക്രിക്കറ്റ് ഭ്രമത്തില്‍ ദേശീയ വിനോദങ്ങളെ മറന്നു പോയ നാട്ടില്‍ സ്വന്തം അധ്വാനം കൊണ്ട് ഹോക്കിക്ക് പുതിയ മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കാന്‍ കഴിഞ്ഞ ശ്രീയില്‍ നിന്ന് പുതിയ നേട്ടങ്ങളല്ലാതെ ഒന്നും ആരും പ്രതീക്ഷിക്കുന്നില്ല. നന്നായി അധ്വാനിക്കാന്‍, പരിശീലനം നേടാന്‍ ഉപദേശിക്കാന്‍ ശ്രീജേഷിനേക്കാളും യോഗ്യന്‍ വേറെ ആരുണ്ട്? 24 വര്‍ഷം ഹോക്കി കളിച്ചു, രണ്ട് ഒളിമ്പിക്‌സ് മെഡലുകള്‍. മറ്റ് അന്താരാഷ്ട്ര മെഡലുകള്‍. വിവിധ പുരസ്‌കാരങ്ങളാല്‍ രാജ്യത്തിന്റെ ആദരം.
ഇന്ത്യന്‍ വനിതാ ഹോക്കിയില്‍ ഇരുപത്തിയെട്ടാം നമ്പര്‍ ജഴ്‌സി ഇനി ഉണ്ടാകില്ല. പുരുഷ ഹോക്കിയില്‍ പതിനാറാം നമ്പര്‍ ജഴ്‌സിയും. രണ്ട് ജഴ്‌സികളും 2024ല്‍ വിമരിച്ചു. ഹോക്കി ഇന്ത്യയുടെ ജഴ്‌സി പിന്‍വലിക്കല്‍ തീരുമാനം ഇന്ത്യന്‍ ഹോക്കിയുടെ ഊടും പാവും പുതിയ കാലത്ത് മാറ്റിയെഴുതിയ പോരാട്ടശക്തിക്കും ആത്മാര്‍ത്ഥതക്കുമുള്ള പ്രശസ്തിപത്രം. റാണിക്ക് തുല്യം റാണി മാത്രം. ശ്രീക്ക് തുല്യം ശ്രീ മാത്രം.