ടോക്കിയോ: വനിതകളുടെ ഏഷ്യാ കപ്പ് ഹോക്കിയില്‍ ഇന്ത്യന്‍ ടീം ശനിയാഴ്ച ആദ്യ പോരിനിറങ്ങും. സിംഗപ്പൂരാണ് ആദ്യ മല്‍സരത്തില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യയടക്കം ഏഷ്യയിലെ എട്ടു മുന്‍നിര ടീമുകളാണ് കിരീടത്തിനായി മാറ്റുരയ്ക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഹോക്കിക്ക് യോഗ്യത നേടാനുള്ള അവസരം കൂടിയാണ് ഈ ടൂര്‍ണമെന്റ്. അതുകൊണ്ടു തന്നെ ഈ അവസരം പരമാവധി മുതലെടുക്കാനാവും ടീമുകളുടെ ശ്രമം.

ഇന്ത്യ, സിംഗപ്പൂര്‍ എന്നിവരെക്കൂടാതെ നിലവിലെ ജേതാക്കളും ആതിഥേയരുമായ ജപ്പാന്‍, ചൈന, കസാക്കിസ്താന്‍, കൊറിയ, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ ടീമുകളാണ് ഏഷ്യാ കപ്പില്‍ അണിനിരക്കുന്നത്. നവംബബര്‍ അഞ്ചിനാണ് കലാശപ്പോരാട്ടം.

2016ലെറിയോ ഒളിംപിക്‌സിനു യോഗ്യത നേടിയ ഇന്ത്യന്‍ വനിതാ ടീം ഇനി ലോകകപ്പിലും തങ്ങളുടെ കരുത്ത് കാണിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ഇതിനായി ഏഷ്യാ കപ്പില്‍ ടീമിനു കിരീടം നേടേണ്ടതുണ്ട്. പുതിയ കോച്ച് ഹരേന്ദ്ര സിങിനു കീഴില്‍ ഇന്ത്യ പങ്കെടുക്കുന്ന ആദ്യ ടൂര്‍ണമെന്റ് കൂടിയാണ് ഏഷ്യാ കപ്പ്. നേരത്തേ വനിതാ ടീമിനെ പരിശീലിപ്പിച്ചിരുന്ന സോര്‍ദ് മറീന്‍ ഇന്ത്യന്‍ പുരുഷ ടീമിന്റെ കോച്ചായതോടെയാണ് പകരം ഹരേന്ദ്രയെ നിയമിച്ചത്.