ദില്ലി: അന്തരിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന് പാക്കിസ്ഥാന്‍ മുന്‍ കളിക്കാരുടെ ആദരം. എതിര്‍ കളിക്കാര്‍ പോലും അങ്ങേയറ്റം ആരാധിച്ചിരുന്ന ഹോക്കി മാന്ത്രികനായിരുന്നു മുഹമ്മദ് ഷാഹിദ്. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുന്‍ കളിക്കാരും ഷാഹിദ് അന്ത്യാഞ്ജലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.
താങ്കള്‍ പാക്കിസ്ഥാന്‍ ടീമിനൊപ്പം ചേര്‍ന്നാല്‍ ലോകത്തെ ഒരു രാജ്യത്തിനും തങ്ങളെ തോല്‍പ്പിക്കാനാകില്ലെന്ന് താന്‍ ഷാഹിദിനോട് പറയാറുണ്ടായിരുന്നെന്ന് മുന്‍ പാക്കിസ്ഥാന്‍ താരം ഹസന്‍ സര്‍ദാര്‍ പറഞ്ഞു. തിരിച്ചും തന്നോട് അതേ മറുപടിയാണ് പറയാറുള്ളതെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു.

ഇന്ത്യയും പാക്കിസ്ഥാനും കൂടുതല്‍ ശക്തമായ ശത്രുതയിലുള്ളപ്പോഴായിരുന്നു ഷാഹിദ് പാക്കിസ്ഥാന്‍ കളിക്കാരുടെ പോലും ആദരം പിടിച്ചുപറ്റിയത്. പാക്കിസ്ഥാന്‍ ക്ലാസ് കളിക്കാരായ സര്‍ദാറും സൈമുള്ളയും എതിര്‍ നിരയിലുള്ളപ്പോള്‍ ഇന്ത്യന്‍ ടീമില്‍ തിളങ്ങിയ താരമായിരുന്നു ഷാഹിദ്. ഡിബ്ലിങ് മികവില്‍ ഷാഹിദിന് എതിരാളിയായി അന്ന് ലോക ഹോക്കിയില്‍ അധികമാരും ഉണ്ടായിരുന്നില്ല.
വേഗതയും ഡ്രിബ്ലിങ് മികവും ഒത്തുചേര്‍ന്ന അപൂര്‍വം കളിക്കാരിലൊരാളായിരുന്നു ഷാഹിദ് എന്ന് സര്‍ദാര്‍ പഞ്ഞു. ഷാഹിദിന്റെ വേര്‍പാട് ഹോക്കിക്ക് വലിയ നഷ്ടമാണ്. ഷാഹിദിനെ മറ്റൊരു കളിക്കാരനുമായും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 1980ല്‍ ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കിയില്‍ അവസാനമായി സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു ഷാഹിദ്. ദീര്‍ഘനാളായുള്ള വൃക്ക രോഗത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.