ദില്ലി: ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വേള്‍ഡ് സീരിസ് ഹോക്കി ടൂര്‍ണമെന്റില്‍ ദേശീയ താരങ്ങള്‍ കളിക്കാനുള്ള സാധ്യത മങ്ങുന്നു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍(എഫ്‌ഐഎച്ച്) ഡബ്ല്യുഎസ്എച്ചിനെ അനധികൃതമായി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണിത്.
അന്താരാഷ്ട്ര ഫെഡറേഷന്റെ അംഗീകാരമുള്ള ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും തമ്മിലുള്ള അധികാരവടംവലിയാണ് താരങ്ങളെ വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത്.
പുതിയ ടൂര്‍ണമെന്റില്‍ കളിക്കുന്നതു മൂലം വിലക്ക് നേരിടേണ്ടി വന്നാല്‍ ദേശീയ ടീമില്‍ നിന്നു പുറത്തുപോവേണ്ടി വരുമെന്ന ആശങ്ക എല്ലാ താരങ്ങള്‍ക്കുമുണ്ട്. ഇതേ കാരണം കൊണ്ടു തന്നെ വളര്‍ന്നു വരുന്ന പ്രമുഖ താരങ്ങളും ടൂര്‍ണമെന്റില്‍ നിന്നു വിട്ടുനില്‍ക്കാനാണ് സാധ്യത.
ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും തമ്മിലുള്ള അഭിപ്രായം വ്യത്യാസം പരിഹരിക്കാന്‍ അന്താരാഷ്ട്രസംഘടന തന്നെ മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഒരു രാജ്യത്ത് ഒരു സംഘടന മാത്രമേ അംഗീകരിക്കൂവെന്ന് എഫ്‌ഐഎച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ ഇരു അസോസിയേഷനുകളും ഒന്നാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.