ബാംഗ്ലൂര്‍ : ഇരുപതോവര്‍ തുറന്നിട്ട ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധം ഇരമ്പുന്നു. ഏഷ്യാകപ്പ് ജയിച്ചിട്ടും ഒരുരൂപ പോലും സമ്മാനം ലഭിക്കാത്ത ഇന്ത്യയുടെ ഹോക്കി ടീം അംഗങ്ങള്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ വസതിക്കു മുന്നില്‍ പ്രതിഷേധ നിരാഹാര സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചു.
ഏഷ്യാകപ്പില്‍ കളിച്ച ടീമിലെ മുഴുവന്‍ അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോക്കിയോടുളള അവഗണനയില്‍ പ്രതിഷേധിച്ച് കളിക്കാര്‍ നിരാഹാരം നടത്തുമെന്ന് കോച്ച് ജൊവാകിം കര്‍വാലോ അറിയിച്ചിരുന്നു.
കളിക്കുന്നതിന് പ്രതിഫലമായി ലക്ഷങ്ങളാണ് ബോര്‍ഡ് ക്രിക്കറ്റ് കളിക്കാര്‍ക്ക് നല്‍കുന്നത്. പോരാത്തതിനാണ് കോടികളുടെ പരസ്യക്കരാറുകള്‍. ഇതിനും പുറമേയാണ് വിവിധ സര്‍ക്കാരുകള്‍ അതാത് സംസ്ഥാനത്തെ ലോകകപ്പ് ടീമംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ സമ്മാനം പ്രഖ്യാപിച്ചത്. ശ്രീശാന്തിന് അഞ്ചു ലക്ഷം രൂപയാണ് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറെക്കാലത്തിനു ശേഷം ഏഷ്യാകപ്പ് ഇന്ത്യയ്ക്ക് നേടിത്തന്ന ഹോക്കി ടീം അംഗങ്ങളെ ഒരു സര്‍ക്കാരും തിരിഞ്ഞു നോക്കിയില്ല. എന്നാല്‍ ക്രിക്കറ്റ് കളിക്കാരുടെ ഗ്ലാമറും പ്രശസ്തിയും മുതലെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കുറുക്കന്മാര്‍ അനുമോദനങ്ങള്‍ക്കൊപ്പം ഖജനാവും അവര്‍ക്കുമുന്നില്‍ തുറന്നിട്ടതിനെതിരെ പ്രതിഷേധം വ്യാപകമാവുകയാണ്.