ദില്ലി: ഹോക്കി ഒളിംപിക്‌സ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യ 8-1ന് ഇറ്റലിയെ തോല്‍പ്പിച്ചു. വനിതാ വിഭാഗത്തില്‍ ഇന്ത്യ കാനഡക്കെതിരേ 4-1ന്റെ അട്ടിമറി വിജയം സ്വന്തമാക്കി.
മേജര്‍ ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ 15-1ന് സിംഗപ്പൂരിനെ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഇന്ത്യ ആറുപോയിന്റും 23 ഗോളുമായി ഏറ്റവും മുന്നിലാണ്. ഇറ്റലിക്കെതിരേയുള്ള മത്സരത്തില്‍ ലഭിച്ച അഞ്ച് പെനല്‍റ്റി കോര്‍ണറുകളില്‍ നാലെണ്ണവും ലക്ഷ്യത്തിലെത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചതായി കോച്ച് മൈക്കല്‍ നോബ്‌സ് അറിയിച്ചു.
പെനല്‍റ്റി കോര്‍ണര്‍ വിദഗ്ധനായ സന്ദീപ് സിങ് മൂന്നും വി രഘുനാഥ് ഒരു ഗോളും നേടി. എസ്‌വി സുനില്‍(രണ്ട്) ഗുര്‍വീന്ദര്‍ സിങ്, ശിവേന്ദ്രസിങ് എന്നിവരാണ് മറ്റു ഗോള്‍വേട്ടക്കാര്‍. 16ാം മിനിറ്റില്‍ അലെസാന്‍ഡ്രോ നാനിയിലൂടെയായിരുന്നു ഇറ്റലിയുടെ ആശ്വാസഗോള്‍.