ആതന്‍സ്: ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ ഹോളണ്ടിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു.
മെഡല്‍ പ്രതീക്ഷയുമായി കളിക്കളത്തിലിറങ്ങിയ ഇന്ത്യ ഹോളണ്ടിന്റെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ നിഷ്പ്രഭമായി. ഇടവേളയില്‍ ഹോളണ്ട് 1-0ന് മുന്നിലായിരുന്നു. മാര്‍ട്ടിന്‍ ഐകല്‍ബൂം, ട്യൂണ്‍ ഡി നുയിര്‍, ടിക്കേ ടാക്കമ എന്നിവര്‍ ഹോളണ്ടിന് വേണ്ടി ഗോളുകള്‍ നേടി.
ഗഗന്‍ അജിത് സിംഗ് ഇന്ത്യയുടെ ആശ്വാസഗോള്‍ നേടി. പ്രതിരോധനിരയിലെ പിഴവുകളും ആക്രമണങ്ങള്‍ ഗോളാക്കിമാറ്റാന്‍ കഴിയാതിരുന്നതും ഇന്ത്യയുടെ തോല്‍വിയ്ക്ക് കാരണമായി. സന്ദീപ് സിംഗ് വരുത്തിയ പിഴവായിരുന്നു കളി തുടങ്ങി രണ്ടാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഐകെല്‍ബൂണിന്റെ ഗോളിന് വഴിയൊരുക്കിയത്.
ആഗസ്ത് 17 ചൊവാഴ്ച ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ദക്ഷിണാഫ്രിക്ക ആദ്യ മത്സരത്തില്‍ അര്‍ജന്റീനയെ ഒരു ഗോളിന് തോല്പിച്ചിരുന്നു. ദക്ഷിണാഫ്രിക്കയെ അടുത്ത കളിയില്‍ തോല്പിച്ചാല്‍ മാത്രമേ ഇന്ത്യയ്ക്ക് അല്പമെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ.
പാകിസ്ഥാനും ഹോക്കിയില്‍ നിരാശയുടെ ദിവസമായിരുന്നു. ജര്‍മ്മനിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പാകിസ്ഥാന്‍ തോറ്റു.